കോഴിക്കോട്: തീർഥാടന കേന്ദ്രമായ ബൈതുൽ മുഖദ്ദിസിലേക്കുള്ള യാത്ര പ്രതിസന്ധിയിലേക്ക്. ട്രാവൽ ഏജൻസികൾ മുഖേന യാത്രചെയ്യുന്നവർ ഇസ്രായേലിൽ മുങ്ങുന്ന സംഭവങ്ങൾ വർധിച്ചതാണ് യാത്ര പ്രതിസന്ധിയിലാക്കുന്നത്. കഴിഞ്ഞദിവസം ഒരു ഏജൻസി മുഖേന അപേക്ഷിച്ചവരിൽ 40 വയസ്സിന് താഴെയുള്ളവർക്ക് വിസ ലഭ്യമായില്ല. ഭാവിയിൽ മറ്റു തീർഥാടകരുടെ യാത്രയെയും ഇത് ബാധിക്കുമെന്ന ആശങ്കയിലാണ് ഏജൻസികൾ.
ഏതാനും ദിവസങ്ങൾക്കു മുമ്പ് ഗ്രീൻ ഒയാസിസ് ട്രാവൽസ് മുഖേന യാത്രപോയ സംഘത്തിലെ ഏഴുപേരും അൽഹിന്ദ് ട്രാവൽസിന് കീഴിൽ യാത്രചെയ്ത അഞ്ചു പേരുമാണ് ഇസ്രായേലിൽ അപ്രത്യക്ഷരായത്. സ്വകാര്യ ടൂർ ഓപറേറ്റർമാരുടെ പാക്കേജിലെ മുഖ്യ ആകർഷകമാണ് ബൈതുൽ മുഖദ്ദിസ് എന്നതിനാൽ യാത്രവിലക്കുണ്ടായാൽ ഏജൻസികളുടെ ബിസിനസിനെയും ഇത് കാര്യമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
രാജ്യത്തിന്റെ സൽപേരിനുതന്നെ കളങ്കമേൽപിക്കുന്ന ഗുരുതര സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശക്തമായ ഇടപെടൽ നടത്തി അപ്രത്യക്ഷമായവരെ തിരിച്ചുകൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നും ഏജൻസികൾ ആവശ്യപ്പെടുന്നു. കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി ഏജൻസികളാണ് ഇത്തരത്തിൽ യാത്രാ പാക്കേജ് സംഘടിപ്പിക്കുന്നത്.
ബൈതുൽ മുഖദ്ദിസ് ഉൾപ്പെടുത്തിയുള്ള തീർഥാടനയാത്ര വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണെങ്കിലും യാത്രക്കാർ കൂട്ടമായി രക്ഷപ്പെടുന്നത് ആദ്യമാണ്. ഇടക്ക് ചില വ്യക്തികൾ ഇങ്ങനെ അപ്രത്യക്ഷരാകാറുണ്ടെങ്കിലും അത് യാത്രയെ പ്രതികൂലമായി ബാധിക്കാത്തതിനാൽ ഒതുങ്ങിപ്പോവുകയായിരുന്നു പതിവ്. മുമ്പ് സൗദിയിൽ ഉംറ വിസയിൽ യാത്രചെയ്ത് ജോലി തേടിപ്പോകുന്ന സാഹചര്യമുണ്ടായിരുന്നു.
പിടിക്കപ്പെട്ടാൽ കുറച്ചുനാൾ ജയിലിലിട്ട ശേഷം സൗജന്യമായി വിമാനം കയറ്റി വിടുമെന്നതിനാൽ ദുരുപയോഗം വ്യാപകമായിരുന്നു. സൗദി സർക്കാർ നിയമം കർശനമാക്കുകയും ഇത്തരക്കാർക്ക് ജോലി ലഭ്യമല്ലാതാവുകയും ചെയ്തതോടെയാണ് ഇത്തരം അനധികൃത യാത്രകൾ ഇല്ലാതായത്. സമാന രീതിയിലാണ് ഇസ്രായേലിലും യാത്രക്കാർ അപ്രത്യക്ഷരാകുന്നത്. ഇസ്രായേലിൽ ജോലിക്കായുള്ള വ്യക്തിഗത വിസ ലഭിക്കൽ ശ്രമകരമായതിനാൽ നിയമവിരുദ്ധ മാർഗത്തിലൂടെ കടന്നുകയറാനാണ് ഇത്തരക്കാർ ഏജൻസികൾ മുഖേന യാത്രയാകുന്നത്. ഇവരെ സഹായിക്കാൻ ഇസ്രായേലിൽ റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയമുണ്ട്.
വളരെ ആസൂത്രിതമായി, കാമറകൾ പോലുമില്ലാത്ത സ്ഥലത്താണ് ഇവരെ കാണാതാകുന്നത്. ഇതുമൂലം പിന്നീട് തിരഞ്ഞ് കണ്ടെത്താനുമാകുന്നില്ല. എവിടെവെച്ച് രക്ഷപ്പെടണമെന്നത് പോലും കൃത്യമായി പറഞ്ഞുകൊടുക്കാൻ ആളുണ്ടെന്നാണ് സംഭവം തെളിയിക്കുന്നത്. ഇത്തരം യാത്രക്കാരിൽനിന്ന് വലിയ സംഖ്യ ഈ റാക്കറ്റ് കൈവശപ്പെടുത്തുന്നതായും സംശയമുണ്ട്.
യാത്രസംഘത്തിൽനിന്ന് ചിലരെ കാണാതായതോടെ ബാക്കി തീർഥാടകരെ ഇസ്രായേൽ അധികൃതർ തടഞ്ഞുവെച്ചത് ട്രാവൽ ഏജൻസികളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഒടുവിൽ കാണാതായ ഓരോരുത്തർക്കുമായി 5000 യു.എസ് ഡോളർ മുതൽ 15,000 ഡോളർ വരെ പിഴ ഈടാക്കിയ ശേഷമാണ് മറ്റുള്ളവരെ യാത്രചെയ്യാൻ അനുവദിച്ചത്. ഇത് വലിയ സാമ്പത്തിക ബാധ്യതയും ഏജൻസികൾക്കുണ്ടാക്കി. ഏതാനും ആഴ്ചകൾക്കുമുമ്പ് സർക്കാർ തലത്തിൽ ഇസ്രായേൽ സന്ദർശിക്കുന്ന കർഷകസംഘത്തിൽനിന്ന് ഒരാളെ കാണാതായത് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇയാളുടെ നാട്ടിലെ കുടുംബം കൂടി സമ്മർദത്തിലായതോടെ ഇയാൾ പിന്നീട് തിരിച്ചെത്തി.
ഇതുപോലെ സർക്കാർ തലത്തിൽ ഇടപെടലുണ്ടാകണമെന്നതാണ് ട്രാവൽ ഏജൻസികളുടെ ആവശ്യം. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് നയതന്ത്രതലത്തിലും ഇടപെടലുണ്ടാകണം. ഇക്കാര്യങ്ങൾ വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകുന്നുണ്ടെന്ന് ഇന്ത്യൻ ഹജ്ജ് ഉംറ ടൂർ ഓപറേറ്റേഴ്സ് അസോസിയേഷൻ ജന. സെക്രട്ടറി ടി. മുഹമ്മദ് ഹാരിസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.