തിരുവനന്തപുരം: ഒരിക്കൽ അംഗമായാൽ ആജീവനാന്തം ആനുകൂല്യം ലഭിക്കുന്നതരത്തിൽ ഇ.എസ്.െഎ പദ്ധതി പരിഷ്കരിക്കാനുള്ള നിർദേശം കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് മുന്നിൽ. ഇ.എസ്.െഎ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗീകരിച്ച നിർേദശത്തിൽ ഇനി കേന്ദ്രമാണ് അനുകൂല തീരുമാനമെടുക്കേണ്ടത്. കേരളത്തിൽനിന്നുള്ള സ്റ്റാൻഡിങ് കമ്മിറ്റി അംഗം വി. രാധാകൃഷ്ണനാണ് ഇൗ നിർദേശം കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ അവതരിപ്പിച്ചത്.
രാജ്യത്തെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും ആരോഗ്യ പരിരക്ഷയും മുൻനിർത്തി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് ഇ.എസ്.െഎ (എംേപ്ലായീസ് സ്റ്റേറ്റ് ഇൻഷുറൻസ്) കോർപറേഷൻ വഴി നടപ്പാക്കുന്ന പദ്ധതിയിൽനിന്ന് ശമ്പളവർധനയെതുടർന്ന് പ്രതിവർഷം ആയിരക്കണക്കിന് തൊഴിലാളികളാണ് പുറത്താകുന്നത്. കോർപറേഷൻ നിഷ്കർഷിച്ച പരിധിക്ക് (21,000 രൂപ) മുകളിൽ വരുമാനം ലഭിക്കുന്നവരെയാണ് ഇത്തരത്തിൽ ഒഴിവാക്കുന്നത്.
മുഴുവൻ ആളുകൾക്കും ഇ.എസ്.െഎ ആനുകൂല്യം ലഭ്യമാകുന്നതരത്തിൽ നിലവിലെ നിയമത്തിൽ ഭേദഗതി വരുത്താനാണ് യോഗം ശിപാർശ ചെയ്തത്. ഉയർന്ന ശമ്പളക്കാരിൽനിന്ന് ആനുപാതിക നിരക്കിൽ വിഹിതം ഇൗടാക്കാം. വിരമിച്ച അംഗങ്ങൾക്കും ചികിത്സാസൗകര്യം ലഭിക്കാൻ 61ാംചട്ടം ഭേദഗതി ചെയ്യണമെന്ന നിർദേശം കമ്മിറ്റി അംഗീകരിച്ചു. വി.ആർ.എസിലൂടെയും മറ്റും സർവിസിൽനിന്ന് നേരേത്ത പിരിയുന്നവർക്കും അവരുടെ ആശ്രിതർക്കും ചികിത്സ ലഭ്യമാകത്തക്കവിധത്തിലാണ് ഭേദഗതി ലക്ഷ്യമിടുന്നത്. നിലവിൽ 120 രൂപ വാർഷിക വരിസംഖ്യ നൽകിയാൽ ഇ.എസ്.െഎ ആശുപത്രികളിൽ ചികിത്സ ലഭിക്കുന്ന സംവിധാനമാകും ഏർപ്പെടുത്തുക. ഇൻഷുർ ചെയ്യപ്പെട്ടയാൾ മരിച്ചാൽ സംസ്കാരചെലവുകൾക്ക് ഇപ്പോൾ നൽകുന്ന 10,000 രൂപ 25,000 ആയി ഉയർത്തും. 2011ൽ നിശ്ചയിച്ചതാണ് നിലവിലെ തുക.
കോർപറേഷൻ നേരിട്ട് എല്ലാ ജില്ലയിലും ഡിസ്പെൻസറികൾ ആരംഭിക്കും. മൂന്നാർ, റാന്നി, കാഞ്ഞങ്ങാട്, സുൽത്താൻബത്തേരി തുടങ്ങി ആറിടത്താണ് ആദ്യഘട്ടത്തിൽ തുടങ്ങുക. ഇതുവരെ സംസ്ഥാന സർക്കാർ മുഖേനയാണ് ഡിസ്പെൻസറികൾ പ്രവർത്തിച്ചിരുന്നത്. സൂപ്പർ സ്പെഷാലിറ്റി ചികിത്സ ലഭിക്കാനുള്ള മാനദണ്ഡങ്ങളിലും മാറ്റം വരുത്തും. കൂട്ടിരിപ്പുകാർക്കും സൗജന്യഭക്ഷണം, മരുന്ന് ക്ഷാമം പരിഹരിക്കാൻ ജൻഒൗഷധി കേന്ദ്രങ്ങൾ, സംസ്ഥാന മെഡിക്കൽ സർവിസ് കോർപറേഷനിൽനിന്ന് മരുന്ന് വാങ്ങാൻ അനുമതി എന്നിവയും അംഗീകരിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി അംഗീകരിച്ച നിർദേശങ്ങൾ തൊഴിൽ മന്ത്രാലയത്തിലൂടെ കോർപറേഷനിൽ എത്തുകയാണ് ചെയ്യുകയെന്ന് ബി.എം.എസ് പ്രതിനിധിയായ വി. രാധാകൃഷ്ണൻ പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി പാസാക്കിയാൽ കോർപറേഷനും അംഗീകരിക്കുകയാണ് പതിവ്. ഇവയിലും അനുകൂലതീരുമാനം പ്രതീക്ഷിക്കുന്നുവെന്നും അേദ്ദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.