തിരുവനന്തപുരം: ഏക സിവിൽ കോഡിലൂടെ ആർ.എസ്.എസ് എന്താണോ ആഗ്രഹിക്കുന്നത് അത് വരാനിരിക്കുകയല്ല, വന്നുതുടങ്ങിയിരിക്കുന്നെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഒരു ജനവിഭാഗത്തെ വിശ്വാസപരമായി ജീവിക്കാൻ സമ്മതിക്കില്ലെന്ന ശാഠ്യമാണ് ബി.ജെ.പിയും കേന്ദ്ര സർക്കാറും വെച്ചുപുലർത്തുന്നത്. വിശ്വാസ പ്രമാണങ്ങളുടെ കടയ്ക്കൽ കത്തിവെക്കാനും ശ്രമം തുടങ്ങിയിരിക്കുന്നു. ഏക സിവിൽ കോഡ് മുസ്ലിംകളുടെ മാത്രം പ്രശ്നമല്ലെന്നും ഇ.ടി പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രം വക്രീകരിക്കാൻ കൊണ്ടുപിടിച്ച ശ്രമം നടത്തുകയാണ്. ഐ.സി.എച്ച്.ആറിനെ ആ നിലയിൽ മാറ്റി. വിദ്യാഭ്യാസ രംഗത്ത് വർഗീയവത്കരിക്കാൻ ഇനി എന്താണ് ബാക്കിയുള്ളത്. മതത്തിന്‍റെ പേരിൽ ജനങ്ങളെ പരസ്പരം വേർതിരിക്കൽ ലക്ഷ്യമിടുന്ന പൗരത്വ നിയമം വീണ്ടും കൊണ്ടുവരുമെന്നാണ് കേന്ദ്രം ഇപ്പോൾ പറയുന്നത്. മതംമാറ്റം ക്രിമിനൽ കുറ്റമാക്കി അതിന്‍റെ പേരിൽ ആളുകളെ പീഡിപ്പിക്കാനും ശ്രമിക്കുന്നു.
പാർലമെന്‍റ് പാസാക്കിയ നിയമങ്ങളോടെല്ലാം ഇവർക്ക് പുച്ഛമാണ്. രാജ്യത്തിന്‍റെ ഐക്യം ഉറപ്പുവരുത്തുന്ന നിയമങ്ങളെയെല്ലാം പിച്ചിച്ചീന്തുന്നു. കള്ളക്കഥ പ്രചരിപ്പിച്ച് മുസ്ലിം സമുദായത്തെ ശത്രുക്കളായി ചിത്രീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മതപരമായ ധ്രുവീകരണത്തിലൂടെ അധികാരം നിലനിർത്തുകയെന്ന കൃത്യമായ അജണ്ടയാണ് ഏക സിവിൽ കോഡ് നീക്കങ്ങൾക്ക് പിന്നിലുള്ളതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
കെ.പി. അബൂബക്കർ ഹസ്രത്ത്, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, അഡ്വ. കെ.പി. മുഹമ്മദ്, ഒ. അബ്ദുറഹ്മാൻ മൗലവി, സയ്യിദ് മുത്തുക്കോയ തങ്ങൾ, സി.എ. മൂസ മൗലവി, എം.എം. ബാവ മൗലവി, പാങ്ങോട് ഖമറുദ്ദീൻ മന്നാനി, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, പനവൂർ സഫീർഖാൻ മന്നാനി, ബീമാപള്ളി റഷീദ്, കടയ്ക്കൽ ജുനൈദ്, ഇർഷാദ് മൗലവി, അഡ്വ. നൗഫൽ, തൊളിക്കോട് മുഹിയുദ്ദീൻ മൗലവി, നൗഷാദ് മാങ്കാങ്കുഴി, കെ.എച്ച്. മുഹമ്മദ് മൗലവി, കായംകുളം ജലാലുദ്ദീൻ മൗലവി, നാസിമുദ്ദീൻ മന്നാനി, എസ്.എച്ച്. താഹിർ മൗലവി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.