തിരുവനന്തപുരം: നിയമസഭയിൽ അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം തടയുമെന്ന് മന്ത്രി കെ. രാജൻ പ്രഖ്യാപിക്കുമ്പോഴും അട്ടപ്പാടിയിൽ ഉരുളുന്നത് മണ്ണുമാന്തിയന്ത്രം ഉരുളുകയാണെന്ന് പരാതി. മൂലഗംഗൽ ആദിവാസി ഊരിനോട് ചേർന്ന് ആദിവാസി ഭൂമിയിൽ നടക്കുന്ന വൻ കൈയേറ്റം തടയണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി നടപടി കാത്തരിക്കുകയാണ് ആദിവാസികൾ.
റവന്യൂ ഉദ്യോഗസ്ഥർ പണം വാങ്ങി ഭൂമി കൈയേറ്റത്തിന് കൂട്ടുനിൽക്കുന്നുവെന്നാണ് ആദിവാസികളുടെ സംശയം. ഹൈകോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആദിവാസികളെ ഭീഷമിയുടെ മുൾമുനയിൽ നിർത്തിയുള്ള ഭൂമി കൈയേറ്റം തടയണമെന്ന് ഉത്തരവിട്ടതാണ്. ആദിവാസികളുടെ പുരാതന ക്ഷേത്ര ഭൂമികളും, കുടിവെള്ള കുഴികളും, തോടും, ശ്‌മശാന പാതയും കൈയേറി നശിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
റെഡി മെയ്‌ഡ് വീടുകൾ രാത്രികാലങ്ങളിൽ കൊണ്ടുവന്ന് സ്ഥാപിക്കുന്നു. നിവധി ജെ.സി.ബി., ഹിറ്റാച്ചി, ടിപ്പർ വാഹനങ്ങൾ മല ഇടിച്ചു നിരത്തുന്നു. അട്ടപ്പാടി ഷോളയൂർ വില്ലേജിലെ സർവേ 1868, 1869 എന്നീ നമ്പറുകളിലുള്ള ഭൂമിയും ഇതിനോട് ചേർന്നുമാണ് കൈയേറ്റം നടക്കുന്നത്. ആദിവാസി ഭൂമിയും ക്ഷേത്ര ഭൂമിയും മറ്റും അളന്നു തിട്ടപ്പെടുത്തുന്നതുവരെ കൈയേറ്റം നിർത്തിവെച്ച് ഉത്തരവാകണമെന്ന് അപേക്ഷിക്കുകയാണ്.
കേരള-തമിഴ്‌നാട് അതിർത്തി പങ്കിടുന്ന കൊടുങ്കരപുഴയുടെ ഉത്ഭവ സ്ഥലം കൂടിയാണ് ഇത്തരത്തിൽ തകർക്കുന്നത്. പൂർണമായും ആദിവാസികൾ മാത്രം താമസിക്കുന്ന ഈ പ്രദേശത്ത് വനം പരിസ്ഥിതി നിയങ്ങൾ പാലിക്കപ്പെടുന്നില്ല. ആദിവാസികളുടെ എല്ലാ ജീവിത മാർഗങ്ങളും കൈയേറ്റത്തിലൂടെ ഇല്ലാതായിരിക്കുകയാണ്. മുഖ്യമന്ത്രിയെയും ഹൈകോടതി ചീഫ് ജസ്റ്റിസിനെയും ആദിവാസികൾ നേരിൽ കണ്ട് പരാതി നൽകിയെങ്കിലും, കൈയേറ്റം ഇവിടെ തുടരുകയാണ്. അതിനാൽ നയമനടപടി സ്വീകരിക്കണമെന്നാണ് ചീഫ് സെക്രട്ടറിക്ക് അയച്ച പരാതിയിൽ ആദിവാസി മഹാസഭ കൺവീനർ ടി.ആർ. ചന്ദ്രൻ ആവശ്യപ്പെട്ടത്.
ആദിവാസികൾ പരാതി നൽകിയതിന് പിന്നാലെ മണ്ണുമാന്തി യന്ത്രം അടക്കമുള്ളവ എടുത്തു മാറ്റിയെന്നും ആദിവാസികൾ അറിയിച്ചു. നേരത്തെ മലയിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ മുൻ കലക്ടർ ഡോ. എസ്. ചിത്ര പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.