തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രാൻസ്ഫർ അലോട്ട്മെൻറും പൂർത്തിയായപ്പോൾ സീറ്റ് ക്ഷാമം നാല് ജില്ലകളിൽ. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മതിയായ സീറ്റില്ലാത്തത്. നവംബർ 17 മുതൽ അപേക്ഷ ക്ഷണിച്ച് രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് നടത്തുന്നതോടെ ഒമ്പത് ജില്ലകളിലെയും മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാകും.
ആനുപാതിക സീറ്റ് വർധന വഴി അധികമായി ലഭിച്ച മാനേജ്മെൻറ് ക്വോട്ട സീറ്റുകളിലെ പ്രവേശനംകൂടി നടന്നപ്പോൾ സീറ്റ് ലഭിക്കാത്തവരുടെ എണ്ണം 41,473 ആയി കുറഞ്ഞു. സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ഇനി ബാക്കിയുള്ളത് 42,807 സീറ്റാണ്. സീറ്റ് ക്ഷാമം കൂടുതലുള്ള മലപ്പുറത്ത് പ്രവേശനം ലഭിക്കാനുള്ളത് 11,161 പേർക്കാണ്. ഇവിടെ ഇനി ബാക്കിയുള്ളത് 4,155 സീറ്റും. ഇൗ സീറ്റുകൾ പൂർണമായി പരിഗണിച്ചാൽ 7006 പേർക്ക് സീറ്റുണ്ടാകില്ല. പാലക്കാട് 5001 പേർക്കാണ് പ്രവേശനം ലഭിക്കാത്തത്. ബാക്കിയുള്ളത് 2764 സീറ്റ്. കോഴിക്കോട് ജില്ലയിൽ 4859 പേർ പ്രവേശനം കാത്തിരിക്കുന്നു. ഇവർക്കായി ബാക്കിയുള്ളത് 2716 സീറ്റ്. കണ്ണൂരിൽ 3166 പേർ പ്രവേശനം കാത്തുനിൽക്കുേമ്പാൾ ബാക്കിയുള്ളത് 2692 സീറ്റ്. കാസർകോട് ബാക്കിയുള്ളത് 1529 ഉം പുറത്തുള്ളവർ 1854 ഉം. സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ നടത്തിയശേഷമുള്ള സീറ്റുകളാണ് അവശേഷിക്കുന്നത്.
വർധിപ്പിച്ച സീറ്റുകളിൽ ഡിമാൻറ് കൂടിയ കോമ്പിനേഷനുകളിലെ ഒഴിവുകൾ ട്രാൻസ്ഫർ അലോട്ട്മെൻറിലൂടെ ഏറക്കുറെ നികത്തി. പകരം ട്രാൻസ്ഫർ അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾ ഉപേക്ഷിച്ച സീറ്റുകളാണ് ബാക്കിയുള്ളതിൽ ഭൂരിഭാഗവും. പ്രവേശനം ലഭിക്കാത്ത വിദ്യാർഥികളിൽ നല്ലൊരു ശതമാനവും സയൻസ് വിഷയ കോമ്പിനേഷനുകളും ഇഷ്ട സ്കൂളും കാത്തിരിക്കുന്നവരാണ്.
സംസ്ഥാനത്ത് കൂടുതൽ സീറ്റൊഴിവുള്ളത് പത്തനംതിട്ട ജില്ലയിലാണ്. പുറത്തുള്ള എല്ലാവർക്കും പ്രവേശനം നൽകിയാലും ഇവിടെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 3034 സീറ്റ് അധികമാണ്. പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയാകുംമുമ്പ് സ്കോൾ കേരളയിൽ (ഒാപൺ സ്കൂൾ) പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതുവരെ സീറ്റ് ലഭിക്കാത്ത വിദ്യാർഥികളെ ഒാപൺ സ്കൂളിലേക്ക് തിരിച്ചുവിടാനുള്ള ശ്രമമാണ് ഇതിന് പിറകിലെന്ന് ആരോപണവുമുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ഈ മാസം അവസാനത്തോടെ പ്രവേശനം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ഇൗ മാസം 23ന് പുതിയ ബാച്ചുകളുടെ പ്രഖ്യാപനമുണ്ടാകുമെന്നും പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കോവിഡിനുശേഷം സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ക്ലാസുകൾ ആരംഭിക്കുന്നതിെൻറ ഭാഗമായി തിരുവനന്തപുരം മണക്കാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളെ വരവേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിെൻറ രണ്ടാമത്തെയും മൂന്നാമത്തെയും അലോട്ട്മെൻറ് ലഭിക്കാത്ത വിദ്യാർഥികളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിെൻറ അടിസ്ഥാനത്തിൽ ഏതൊക്കെ താലൂക്കുകളിൽ പുതിയ ബാച്ച് ആവശ്യമുണ്ടെന്നത് പരിശോധിച്ച് പുതിയ ബാച്ച് അനുവദിച്ച് പ്രവേശനം ഉറപ്പാക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആദ്യ ഘട്ടത്തിൽ ആരംഭിച്ച എല്ലാ ക്ലാസുകളും സുഗമമായി നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്കൂളിന് മുന്നിലൊരുക്കിയ നിലവിളക്കിൽ ദീപം തെളിയിച്ചാണ് സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവം മന്ത്രി ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.