തിരുവനന്തപുരം: ആരോപണങ്ങളുടെ കരിമ്പുക ഉയർത്തി സർക്കാറിനെ അപകീർത്തിപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും സത്യത്തിന്റെ കാറ്റും വെളിച്ചവും ഇരമ്പിയെത്തുമ്പോൾ പുകക്കരി ആരോപണമുന്നയിച്ചവരുടെ മുഖത്ത് മാറാക്കറകളായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
വാളയാറും എ.കെ.ജി സെന്റർ ആക്രമണവും സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതുമടക്കം പ്രതിപക്ഷ ആരോപണങ്ങളെക്കുറിച്ചായിരുന്നു നിയമസഭയിലെ മുഖ്യമന്ത്രിയുടെ പരാമർശം. സർക്കാർ പത്തരമാറ്റ് ശക്തിയോടെ നിൽക്കുകയാണ്. കുളിച്ചുവന്നവന്റെ മുഖത്തേക്ക് തെറിപ്പിക്കാൻ നോക്കുന്ന കരിയത്രയും നിറച്ചുവന്നവന്റെ മുഖത്തേക്ക് തുടരെ വീഴുകയാണ്.
യു.ഡി.എഫിന്റെ ചീറ്റിപ്പോയ നനഞ്ഞ പടക്കങ്ങളുടെ നീണ്ട നിര തന്നെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയ സ്പർധ വളർത്താൻ ശ്രമിക്കുന്നവരും അതിനുവേണ്ടി ഉപജാപം നടത്തുന്നവരും ഇവിടെയുണ്ട്. ഈ ഛിദ്രശക്തികളെ തലപൊക്കാൻ അനുവദിക്കാത്ത ഭരണസംവിധാനമാണ് കേരളത്തിലുള്ളത് -അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ബി.ജെ.പി സർക്കാറിനെ ഫാഷിസ്റ്റ് സർക്കാറെന്ന് വിശേഷിപ്പിക്കാൻ സി.പി.എം തയാറാകുന്നില്ലെന്ന പ്രതിപക്ഷ വിമർശനങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി. ജീവിക്കാനുള്ള അവകാശങ്ങളെല്ലാം എടുത്തുകളഞ്ഞ കാലമായിരുന്നു അടിയന്തരാവസ്ഥയെന്നും എന്നാൽ, അക്കാലത്തെ പോലും അമിതാധികാരവാഴ്ച എന്നാണ് സി.പി.എം വിശേഷിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എം ഉപയോഗിക്കുന്ന പദങ്ങൾ എപ്പോഴും ശരിയായ അവലോകനത്തിനും അപഗ്രഥനത്തിനും ശേഷമാണ്. ഫാഷിസത്തിന്റേതായ ഒട്ടേറെ സ്വഭാവ വിശേഷങ്ങൾ അന്നത്തെ ഭരണകൂടത്തിനുണ്ടായിരുന്നു. ഫാഷിസ്റ്റ് പ്രവണതയുള്ള സർക്കാറാണ് ആർ.എസ്.എസ് നയിക്കുന്ന ബി.ജെ.പിയുടെ ഗവൺമെന്റ്. അത് കൃത്യമായ സി.പി.എമ്മിന്റെ വിലയിരുത്തലാണ്. ജീവിക്കാൻ അവകാശമില്ലാത്ത അവസ്ഥ ജനാധിപത്യ സമൂഹത്തിലുണ്ടാവില്ല. ഫാഷിസ്റ്റ് കാലത്താണ് അതുണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.