തിരുവനന്തപുരം: കഴിഞ്ഞ 39 ദിവസമായി സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറാവാത്ത സംസ്ഥാന സര്‍ക്കാര്‍ അവരെ അവഹേളിക്കുന്ന സമീപനം തുടരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ. ആശാ പ്രവര്‍ത്തകരുടെ പിടിവാശിയും ശാഠ്യവുമാണ് പ്രശ്‌നപരിഹാരത്തിന് തടസമെന്ന മന്ത്രി എം.ബി. രാജേഷിന്റെ പരാമര്‍ശങ്ങള്‍ തരംതാണതാണ്.
അതേസമയം, 1.3 ശതമാനം ആശാ പ്രവര്‍ത്തകര്‍ മാത്രമാണ് സമരരംഗത്തുള്ളതെന്ന മന്ത്രിയുടെ കണ്ടുപിടിത്തം പരിഹാസ്യമാണ്. ആശാ പ്രവര്‍ത്തകര്‍ വീട്ടമ്മമാരാണെന്ന സാമാന്യ ബോധമെങ്കിലും മന്ത്രിക്കുണ്ടാവേണ്ടതാണ്. സമരക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുളള പിടിവാശി ഉപേക്ഷിച്ചാല്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നും സര്‍ക്കാരിന് ആശമാരുടെ പ്രശ്നത്തോട് അനുഭാവപൂര്‍വമായ നിലപാടാണുള്ളതെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനകള്‍ അവരുടെ യഥാര്‍ഥ രാഷ്ട്രീയ ദുഷ്ടലാക്ക് വ്യക്തമാക്കുന്നതാണ്.
ആവശ്യങ്ങള്‍ ന്യായമാണെങ്കിലും സമരം ചെയ്യുന്നവരുടെയും പിന്തുണയ്ക്കുന്നവരുടെയും രാഷ്ട്രീയം സര്‍ക്കാരിന് തീരുമാനമെടുക്കുന്നതിന് തടസമാണെന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണ്. രാഷ്ട്രീയ ബോധമുണ്ടാകുന്നത് അപകടകരമാണെന്ന സി.പി.എം കണ്ടെത്തല്‍ എല്ലാവരും തങ്ങള്‍ക്ക് ദാസ്യപ്പെട്ട് കഴിയണമെന്ന ധിക്കാരത്തില്‍ നിന്നുണ്ടാകുന്നതാണ്. സമരക്കാരെ പുച്ഛിക്കുന്ന മനോഭാവമാണ് സി.പി.എം പുലര്‍ത്തുന്നത്. സമരം നടത്തുന്നവരെ മോശക്കാരാക്കി ചിത്രീകരിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാട് അപലപനീയമാണ്.
കഴിഞ്ഞ ദിവസം ആശാ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചക്കുശേഷം കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചയ്‌ക്കെന്നു പറഞ്ഞ് ഡെല്‍ഹിയിലേക്ക് പോയ ആരോഗ്യമന്ത്രി യഥാര്‍ഥത്തില്‍ സമരക്കാരെ വഞ്ചിക്കുകയായിരുന്നു. കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയേക്കാള്‍ അവര്‍ മുന്‍ഗണന നല്‍കിയത് ക്യൂബന്‍ ഉപപ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കായിരുന്നു. ആശാ പ്രവര്‍ത്തകരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി. ജമീല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.