തിരുവനന്തപുരം : ഓണറേറിയ വർധന, വിരമിക്കൽ ആനുകൂല്യം തുടങ്ങി ജീവൻ പ്രധാന്യങ്ങളായ അവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കർമാർ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു, കമ്മിറ്റി അംഗങ്ങളായ ആർ. ഷീജ തങ്കമണി എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്.
രണ്ടാം ദിവസം വൈകുന്നേരത്തോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഷീജയെ പൊലീസ് എത്തി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഫെബ്രുവരി 10ന് ആരംഭിച്ച രാപകൽ സമരം ശക്തമായി മുന്നേറുമ്പോഴും അനുകൂല തീരുമാനമെടുക്കാൻ സർക്കാർ തയ്യാറാകാത്തതിനെ തുടർന്നാണ് 39 ആം ദിവസം ആശാവർക്കർമാർ നിരാഹാര സമരം ആരംഭിച്ചത്.
ചർച്ചക്ക് എന്ന പേരിൽ രണ്ടു തവണ സമര നേതൃത്വത്തെ മന്ത്രി വിളിച്ചുവരുത്തി എങ്കിലും സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് സമരം അവസാനിപ്പിക്കണം എന്ന ആവശ്യം മാത്രമാണ് മുന്നോട്ടുവച്ചത്. രാവും പകലും നീളുന്ന ജോലിയും തുച്ഛമായ വരുമാനവും കാരണം ജീവിതം ഗതിമുട്ടിയ അവസ്ഥയിലാണ് ആശാവർക്കർമാർ ശക്തമായ സമരം ആരംഭിച്ചത്.
സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും വ്യക്തികളുടെയും പൊതുസമൂഹത്തിന്റെ ആകെയും പിന്തുണയോടെയാണ് ആശ സമരം മുന്നേറുന്നത്. മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ, സാമ്പത്തിക വിദഗ്ദ്ധ ഡോ.മേരി ജോർജ്, ബി.ജെ.പി നേതാക്കളായ അഡ്വ.എസ്. സുരേഷ്, കരമന ജയൻ, പി. സുധീർ, മുക്കം പാലമൂട് വിജയൻ, എസ്.ആർ റെജികുമാർ, കേരളാ ലത്തീൻ കാത്തലിക് വിമൻസ് അസോസിയേഷൻ പ്രതിനിധി ജെയിൻ അൻസിൽ ഫ്രാൻസിസ്, കവി അജിത് കൊടുവഴനൂർ, ഗുരുദാസ് വർക്കല, ജയ്ഹിന്ദ് പൗരവകാശസമിതി സംസ്ഥാന പ്രസിഡൻറ് വട്ടപ്പാറ പ്രഭാകരൻ നായർ, ക്ഷീര കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സലീം രാജ്, കുലശേഖര വിക്രമൻ, അമരവിള സുദേവൻ, വാഴോട്ടുകോണം മധുകുമാർ, അനന്താനം രാധാകൃഷ്ണൻ, കുടകുളം രാധാകൃഷ്ണൻ, കെ.കെ.പി.സി.സി ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ, മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് ആർ.ലക്ഷ്മി, സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ്, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ, ആൾ ഇന്ത്യാ ഫോർവേർഡ് ബ്ലോക്ക് അഗ്രഗാമി മഹിളാ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജാമിരി, ആൾ കേരള ടെലിവിഷൻ സിനിമ കോർഡിനേഷൻ യൂണിയൻ പ്രസിഡൻറ് ജോയ് വടക്കുമ്പാടൻ തുടങ്ങി വിവിധ വ്യക്തികളും സംഘടനകളും പിന്തുണയർപ്പിച്ച് സമരവേദിയിൽ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.