തൃക്കരിപ്പൂർ: അക്ഷരങ്ങളുടെ കീഴ്മേൽ മറിഞ്ഞ ലോകത്താണ് ദേവദർശിന്റെ വിഹാരം. പത്രങ്ങൾ തലകീഴായി വായിക്കുക, അക്ഷരങ്ങൾ തിരിച്ചെഴുതി കണ്ണാടിയിൽ നോക്കി വായിക്കുക തുടങ്ങിയവയാണ് തൃക്കരിപ്പൂർ ചെറുകാനത്തെ ഈ 13-കാരന്റെ വിനോദം.
അഞ്ചുവയസിൽ അക്ഷരങ്ങളുമായി ചങ്ങാത്തം തുടങ്ങിയതുമുതൽ വലത്തുനിന്ന് ഇടത്തേക്കെഴുതുന്നത് ശ്രദ്ധയിൽ പെട്ടതായി മാതാപിതാക്കളായ കെ.വി. രഞ്ജിത്തും കെ. ദിവ്യയും പറയുന്നു. തലകീഴായി വെച്ച ബസിന്റെ സ്ഥലനാമ ബോർഡുകൾ ചെറിയ പ്രായത്തിൽ തന്നെ വായിക്കുമായിരുന്നു. അക്കങ്ങളായിരുന്നു തുടക്കം. ഇടത്തേക്ക് എഴുതിയിട്ട് കണ്ണാടിയിൽ ചേർത്തുപിടിച്ചാണ് മാതാപിതാക്കളെ കാണിച്ചത്.
നേരത്തെ പഠിച്ച വിഷയങ്ങൾക്ക് പുറമെ തത്സമയം ചെയ്യുന്നതും കുട്ടിക്ക് ഹരമാണ്. ഒരക്ഷരം പോലും തെറ്റിക്കാതെ അവനത് തുടർന്നു. ഒരു കൗതുകം എന്നതിലുപരി ഇതിലെന്തെങ്കിലും പ്രത്യേകത ഉള്ളതായി വീട്ടുകാർക്കും തോന്നിയില്ല. കരിവെള്ളൂർ എ.വി. സ്മാരക ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകരാണ് ദേവദർശിലെ പ്രതിഭ കണ്ടെത്തി പ്രോത്സാഹിപ്പിച്ചത്.
ഇപ്പോൾ മലയാളത്തിന് പുറമേ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും തല തിരിച്ചെഴുതി അപൂർവ ശേഷിയുടെ പുതിയ മേഖലകളിലേക്ക് പ്രയാണം തുടരുകയാണ് ദേവദർശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.