‘എ​ല്ലാം ശ​രി​യാ​കും’ എ​ന്ന​തി​െൻറ അ​ർ​ഥം​ പ്ര​ശ്​​ന​ങ്ങ​ൾ ഉ​ട​ൻ പ​രി​ഹ​രി​ച്ചു​ക​ള​യാ​മെ​ന്ന​ല്ല –കോ​ടി​യേ​രി

കണ്ണൂർ: ഇടതുമുന്നണിയുടെ നിയമസഭ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്ന ‘എല്ലാം ശരിയാകും’ എന്നത് എല്ലാം ഉടൻ പരിഹരിച്ചുകളയാനുള്ള വ്യാമോഹമല്ലെന്ന വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സർക്കാറി​െൻറ 10 മാസത്തെ പ്രവർത്തനം വിലയിരുത്തിയ സംസ്ഥാന കമ്മിറ്റി ചർച്ചയെക്കുറിച്ച് ‘ഭരണം: മുന്നേറ്റവും പ്രയാസങ്ങളും’ എന്ന തലക്കെട്ടിൽ പാർട്ടി പത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വ്യാഖ്യാനം. മന്ത്രിമാരുടെ ഒാഫിസ് സ്റ്റാഫിൽ മാറ്റമുണ്ടാവുമെന്നതുൾപ്പെടെയുള്ള കാര്യവും കോടിയേരി വ്യക്തമാക്കി. മന്തിമാർ ഫോണിൽ സംസാരിക്കുേമ്പാൾ ജാഗ്രതപുലർത്തണമെന്നും അദ്ദേഹം പറയുന്നു.

മാധ്യമങ്ങളിൽ പ്രചരിച്ചതുപോലെയുള്ള ഭരണത്തിനെതിരായ രൂക്ഷമായ വിമർശനമൊന്നും സംസ്ഥാന സെക്രേട്ടറിയറ്റിൽ നടന്നിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. സംസ്ഥാന കമ്മിറ്റി യോഗത്തെ ആസ്പദമാക്കി ഭാവനസമ്പന്നമായ ഒരുപാടുകഥകള്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ചു. പാര്‍ട്ടിയും ഭരണവും രണ്ടു തട്ടിലാണെന്ന് പ്രചാരണമുണ്ടായി. പൊലീസി​െൻറ പേരില്‍ മുഖ്യമന്ത്രിക്കുനേരെ വ്യക്തിപരമായ വിമര്‍ശനം ഉയർന്നു. ചില വകുപ്പുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടാത്തതിന് ചില മന്ത്രിമാരെ പേരുപറഞ്ഞ് കുറ്റപ്പെടുത്തി. ഈ വിഷയങ്ങളിലൊന്നും ഒരു ചര്‍ച്ചയും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നടന്നിട്ടില്ല. സ്വതന്ത്രവും തുറന്ന മനസ്സോടെയുമുള്ള ചര്‍ച്ചയാണുണ്ടായത്. വിഭാഗീയത തൊട്ടുതീണ്ടാത്ത  മാര്‍ക്സിസ്റ്റ് -ലെനിനിസ്റ്റ് സംഘടനാതത്ത്വങ്ങളില്‍ അടിയുറച്ചുകൊണ്ടുള്ള ആരോഗ്യകരമായ യോഗമായിരുന്നു. എന്നാൽ, ഭരണത്തിലെ വിഷമതകളും സര്‍ക്കാര്‍ നേരിടുന്ന പ്രയാസങ്ങളും അത് തരണംചെയ്യേണ്ട മാര്‍ഗങ്ങളും ആലോചനവിഷയമായി. അതി​െൻറ ഭാഗമായുള്ള ശക്തമായ വിമര്‍ശനങ്ങളും ഉണ്ടായി -ലേഖനത്തിൽ കോടിയേരി പറഞ്ഞു.

‘‘എല്‍.ഡി.എഫ് വരും, എല്ലാം ശരിയാകും എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തി​െൻറ സ്പിരിറ്റ് ഉള്‍ക്കൊണ്ട് പാവപ്പെട്ടവരുടെയും നാടി​െൻറയും പ്രശ്നങ്ങള്‍ക്ക് പരിഹാരംകാണാന്‍ സര്‍ക്കാര്‍ പരിശ്രമിക്കും. പക്ഷേ, ഒരുസംസ്ഥാനത്ത് എല്‍.ഡി.എഫ് അധികാരത്തില്‍വന്നു എന്നതുകൊണ്ട്, എല്ലാപ്രശ്നങ്ങളും ഉടന്‍ പരിഹരിച്ചുകളയാം എന്ന വ്യാമോഹം പാടില്ല. 1957ല്‍ അധികാരത്തില്‍വന്ന ഘട്ടത്തില്‍ ഇ.എം.എസ് വാർത്താസമ്മേളനത്തില്‍ പറഞ്ഞകാര്യം ഇവിടെ പ്രസക്തമാണ്.
 ‘‘ഞാന്‍ രൂപവത്കരിക്കാന്‍ പോകുന്ന സര്‍ക്കാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള അടിയന്തരപരിപാടി നടപ്പില്‍വരുത്തുന്ന ഒരു ഗവണ്‍മ​െൻറായിരിക്കും. അല്ലാതെ, കമ്യൂണിസ്റ്റ് സമുദായം കെട്ടിപ്പടുക്കുന്ന ഗവണ്‍മ​െൻറായിരിക്കില്ല. ഞാന്‍ ശ്വസിക്കുന്നതുപോലും കമ്യൂണിസം സ്ഥാപിക്കുന്നതിനാണ്. എന്നാല്‍, ഈ ഗവണ്‍മ​െൻറ് അത്തരത്തിലുള്ള ഒരു സമുദായം സ്ഥാപിക്കാന്‍ ശ്രമിക്കുന്നില്ല’’. പാര്‍ലമ​െൻററി ജനാധിപത്യത്തി​െൻറ പരിമിതികളും അതില്‍ ഇടപെടുന്നതിനെ സംബന്ധിച്ചുള്ള ജാഗ്രതയെയുമാണ് ഇ.എം.എസി​െൻറ വാക്കുകള്‍ ഓര്‍മിപ്പിക്കുന്നത്’’.

അതേസമയം, ഭരണരംഗം പ്രശ്നങ്ങളെ നേരിടുന്നുണ്ടെന്ന് കോടിയേരി ലേഖനത്തിൽ സൂചനനൽകി. ‘‘ഇടതുപക്ഷത്തി​െൻറ നേതൃത്വത്തിലുള്ള ഗവണ്‍മ​െൻറ് വഹിക്കുന്ന പങ്കും അവക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രയാസങ്ങളും എല്ലാവരും അറിഞ്ഞിരിക്കണം. ഇക്കാര്യത്തില്‍ പരാജയപ്പെട്ടാല്‍ ഊതിപ്പെരുപ്പിച്ച പ്രതീക്ഷകളിലേക്കായിരിക്കും അത് നയിക്കുക. ഇത്തരമൊരു പരിതസ്ഥിതിയില്‍ ഇടതുനേതൃത്വത്തിലുള്ള ഗവണ്‍മ​െൻറുകള്‍ക്ക് ഏതെങ്കിലും മൗലികമായ മാറ്റങ്ങള്‍ക്ക് മുന്‍കൈയെടുക്കാന്‍ കഴിയുമെന്നത് അയഥാര്‍ഥ്യമാണ്’’. മന്ത്രിമാർക്കും മന്ത്രിമന്ദിരത്തിലും പാർട്ടി പിടിത്തം കൂടുതൽ മുറുകുമെന്ന സൂചനയും ലേഖനത്തിലിങ്ങനെ ഉണ്ട്.

‘‘നിരന്തരം കാര്യസാധ്യങ്ങള്‍ക്കായി സെക്രേട്ടറിയറ്റിലെത്തുന്ന ചില ഇടനിലക്കാരുണ്ട്. അവരെ മാറ്റിനിര്‍ത്താന്‍ ശ്രദ്ധിക്കണം. സ്വകാര്യവ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പാരിതോഷികങ്ങള്‍ കൈപ്പറ്റുന്നരീതി ഉണ്ടാകരുത്. ഫോണില്‍ സംസാരിക്കുമ്പോഴും തികഞ്ഞ ജാഗ്രതയുണ്ടാകണം. മന്ത്രിമാര്‍ ഓഫിസിനകത്ത് കൂടുതല്‍സമയം ചെലവഴിക്കണം. മന്ത്രിമാര്‍ അഞ്ചു ദിവസം തലസ്ഥാനത്തുണ്ടാകണം. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി രാഷ്ട്രീയനേതൃത്വത്തിലുള്ളവരെ നിയോഗിക്കാന്‍ എല്ലായിടത്തും കഴിഞ്ഞിട്ടില്ല. ഓരോ മന്ത്രി ഓഫിസിനെക്കുറിച്ചും വിലയിരുത്തി ആവശ്യമായ മാറ്റംവരുത്തും’’ -കോടിയേരി പറഞ്ഞു.

Tags:    
News Summary - everythins is to be ok is not to means all problems are solved soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.