മുന്നാക്ക സംവരണം എൽ.ഡി.എഫ്​ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യം -മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്നാക്ക സമുദായ സംവരണം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്​ പ്രകടനപത്രികയിലുള്ളതാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താൻ ഭരണഘടനാഭേദഗതിക്ക്​ എല്‍.ഡി.എഫ് പരിശ്രമിക്കുമെന്ന്​ 579-ാമത് നിർദേശമായി പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നു.

"പിന്നാക്ക ജനവിഭാഗങ്ങളുടെ സംവരണത്തെ അട്ടിമറിക്കാനുള്ള പരിശ്രമമാണ് ആര്‍എസ്എസ് നടത്തുന്നത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഇന്നുള്ള തോതില്‍ സംവരണം തുടരും. ഓരോ സമുദായത്തിനും അര്‍ഹതപ്പെട്ട സംവരണാനുകൂല്യം മുഴുവന്‍ അവര്‍ക്കു തന്നെ കിട്ടുമെന്ന് ഉറപ്പുവരുത്തും. അതോടൊപ്പം മുന്നോക്കസമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തണം. ഈ രണ്ടു കാര്യങ്ങളും നടപ്പില്‍ വരുത്തുവാന്‍ ഉചിതമായ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ഇത്തരമൊരു ഭരണഘടനാഭേദഗതി നടപ്പില്‍വരുത്താന്‍ എല്‍.ഡി.എഫ് പരിശ്രമിക്കുന്നതായിരിക്കും" - എന്നാണ്​ അന്ന്​ വാഗ്​ദാനം ചെയ്​തതെന്നും പിണറായി വ്യക്​തമാക്കി.

അതേസമയം, മുന്നാക്ക സംവരണം പിന്നാക്കക്കാരുടെ അവകാശ​ത്തെ ഹനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമത്സര വിഭാഗത്തില്‍നിന്നാണ്​ ​മുന്നാക്കക്കാർക്ക്​10 ശതമാനം നീക്കി വെച്ചത്​. നിലവിലുള്ള ആരുടെ സംവരണവും ഇല്ലാതായിട്ടില്ല. ഒരാളുടെ ആനുകൂല്യത്തേയും ഇല്ലാതാക്കില്ല. മറിച്ച് പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം ഉറപ്പാക്കാനും പുതിയ മേഖലകളിൽ അവർക്ക് പ്രാതിനിധ്യം നൽകാനുമാണ് സർക്കാർ ശ്രമിച്ചതെന്ന് എല്ലാവർക്കും അറിയാവുന്നതാണ് -മുഖ്യമന്ത്രി പറഞ്ഞു.

പാര്‍ലമെൻറില്‍ ഭരണഘടനാഭേദഗതി കൊണ്ടുവന്നപ്പോൾ കോണ്‍ഗ്രസും ഇടതുപക്ഷവുമുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ബില്ലിനെ പിന്തുണച്ചു. അന്ന്​ സന്നിഹിതരായിരുന്ന 326 അംഗങ്ങളില്‍ 323 പേരും അനുകൂലിച്ച് വോട്ട് ചെയ്ത് പാസാക്കിയ നിയമമാണ് ഇത്. ആ നിയമമാണ് ഇപ്പോള്‍ കേരളത്തില്‍ നടപ്പിലാക്കുന്നത്. ഇതിൻെറ പേരില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നയിക്കുന്നവര്‍ ഈ യാഥാർഥ്യത്തെ ഉള്‍ക്കൊള്ളണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

Tags:    
News Summary - ews reservation is what the LDF said in the manifesto -pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.