എക്സാലോജിക്​: ലക്ഷ്യം മുഖ്യമ​ന്ത്രി, രാഷ്ട്രീയമായും നിയമപരമായും ​നേരിടുമെന്ന് സി.പി.എം

തിരുവനന്തപുരം: എക്സാലോജിക്കിനെതിരെയുള്ള കേ​ന്ദ്രാന്വേഷണം മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയ നീക്കമാണെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സി.പി.എം. തെരഞ്ഞെടുപ്പ് അടുത്തുവന്നതോടെ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കാനാണ് ശ്രമമെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. വസ്തുതകൾ പലവട്ടം നിരത്തിയിട്ടും രാഷ്ട്രീയ പ്രേരിതമായ സമീപനമാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നത്.

ഈ കേസിലൂടെ മുഖ്യമന്ത്രിയിലേക്ക് എങ്ങനെ എത്താമെന്നാണ് ബി.ജെ.പി ശ്രമം. എക്സാലോജിക്കുമായി ബന്ധപ്പെട്ട കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതാണ്. 2024 ജനുവരി 31നാണ് പി.സി. ജോർജും മകൻ ഷോണും ബി.ജെ.പിയിൽ ചേർന്നത്. അന്ന് വൈകീട്ടാണ് എസ്.എഫ്​.ഐ.ഒ അന്വേഷണം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് വരുന്നതോടെ ഇത്തരം കള്ളക്കഥകൾ ഉയർന്നുവരും. തെരഞ്ഞെടുപ്പ് അജണ്ടയായിട്ടാണ് കേന്ദ്രവും കേരളത്തിലെ യു.ഡി.എഫും ഇതിനെ കൈകാര്യം ചെയ്യുന്നതെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി പ്രക്ഷോഭത്തിലൂടെ കേരളത്തോടുള്ള കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധം രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയിൽ എത്തിക്കാനായെന്നും ഗോവിന്ദൻ പറഞ്ഞു. കർണാടകയുടെ സമരം പൊതുപ്രശ്നമായി ഉയർത്തിയിരുന്നെങ്കിൽ മുഖ്യമന്ത്രിയടക്കം അതിൽ പങ്കെടുക്കുമായിരുന്നു. അങ്ങനെയെങ്കിൽ രാജ്യമാകെ ശ്രദ്ധേയമാകുന്ന സമരമായി മാറുമായിരുന്നു. പക്ഷേ, കേരളത്തിലെ കോൺഗ്രസിന്റെ പിടിവാശി മൂലം അത് കർണാടകയുടെ മാത്രം പ്രശ്നമായി ചുരുക്കി. ബി.ജെ.പി സർക്കാറിനെ ന്യായീകരിക്കുന്ന സമീപനമാണ് കേരളത്തിൽ യു.ഡി.എഫ് സ്വീകരിച്ചത്. കർണാടക സർക്കാർ എടുത്ത നിലപാടോ​ടെ കേരളത്തിലെ യു.ഡി.എഫ് നിലപാടിന്റെ പാപ്പരത്തം വെളിപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Exalogic: CPM will fight politically and legally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.