997 ​പേർ! സ്ഥിരം ലഹരി കടത്തുന്നവരുടെ പട്ടികയുമായി എക്സൈസ്​; കാൾ റെക്കോഡും ടവർ ലൊക്കേഷനും ഉടനടി ലഭ്യമാക്കും

തിരുവനന്തപുരം: സംസ്ഥാന​ത്തെ ലഹരിവിതരണ ശൃംഗലകളെ ​പൂട്ടാനൊരുങ്ങി എക്സൈസും പൊലീസും. ലഹരിക്കെതിരായ പോരാട്ടത്തിൽ സംസ്ഥാന വ്യാപക റെയ്ഡിന് പൊലീസും എക്സൈസും സംയുക്തമായി സമഗ്ര പദ്ധതി രൂപവത്കരിച്ചു. ശിക്ഷാ കാലാവധി തീര്‍ന്ന ലഹരി കേസ് പ്രതികൾ ഇതരസംസ്ഥാനങ്ങളിൽനിന്ന് വിൽപന ഏകോപിപ്പിക്കുന്നതായി വിവരമുള്ളതിനാൽ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനമുണ്ടാക്കും. ആദ്യപടിയായി എക്സൈസ് തയാറാക്കിയ സ്ഥിരം പ്രതികളുടെ പട്ടിക പൊലീസിനും കൈമാറും. സ്ഥിരം ലഹരി കടത്തുന്നവരെ കർശന നിരീക്ഷണത്തിൽ വെക്കാൻ 997 പേരുടെ പട്ടികയാണ് തയാറാക്കിയത്.

എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് എക്സൈസ്, പൊലീസ് ഏകോപന ചുമതല. വലിയ അളവ് ലഹരിയെക്കുറിച്ച് വിവരം ലഭിച്ചാൽ സംഘമായിട്ടായിരിക്കും ഇനി ഓപറേഷൻ. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെയും എക്സൈസ് കമീഷണർ മഹിപാ‍ൽ യാദവിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഇരു വകുപ്പുകളും ചേർന്ന് ലഹരി മാഫിയ സംഘത്തിന്റെ സമഗ്ര ഡേറ്റ ബേസ് തയാറാക്കും. അന്തർ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്തും. എക്സൈസ് വകുപ്പിനാവശ്യമായ സൈബര്‍ സഹായം പൊലീസ് നൽകും. ഇരു സേനകളുടെയും ഇന്റലിജൻസ് വിഭാഗങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ പങ്കുവെക്കും. കാൾ ഡേറ്റ റെക്കോഡ്, മൊബൈൽ ടവർ ലൊക്കേഷൻ എന്നിവ എക്സൈസ് ആവശ്യപ്പെട്ടാൽ താമസമില്ലാതെ ലഭ്യമാക്കും.

24ന് പൊലീസ്-എക്സൈസ് ഉന്നതോദ്യോഗസ്ഥരുടെ യോഗം 

ലഹരികുരുക്കിന്‍റെ കണ്ണിമുറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മാർച്ച് 24ന് മന്ത്രിമാരും പൊലീസ്-എക്സൈസ് ഉന്നതോദ്യോഗസ്ഥരും യോഗം ചേരും. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടി വിലയിരുത്തി ഭാവി നടപടികൾ ചർച്ച ചെയ്യും. ലഹരി വ്യാപനത്തിൽ ഗവർണറും ഡി.ജി.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

പൊലീസിന് കീഴിലുള്ള ഓപറേഷൻ ഡി ഹണ്ട്, എക്സൈസിന്‍റെ നേതൃത്വത്തിൽ പത്ത് ദിവസമായി തുടരുന്ന ‘ക്ലീൻ സ്ലേറ്റ്’ എന്നിവക്കുപുറമെ, കൂടുതൽ ജാഗ്രതയും ഏകോപനവും നടത്താനാണ് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചത്. ലഹരിവസ്തുക്കളുടെ വിൽപനയും കടത്തും തടയാൻ സംസ്ഥാനങ്ങൾ തമ്മിൽ കൈകോർക്കാനും നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) നേതൃത്വത്തിൽ പ്രത്യേക പദ്ധതിയും തയാറാകുന്നുണ്ട്. 

Tags:    
News Summary - Excise list of 997 regular drug traffickers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.