പത്തനംതിട്ട: കാപ്പ കേസ് പ്രതിക്കൊപ്പം സി.പി.എമ്മിലേക്ക് മന്ത്രിയും ജില്ല സെക്രട്ടറിയും ചേര്‍ന്ന് മാലയിട്ട് സ്വീകരിച്ച യുവാവിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയില്ലെന്ന സി.പി.എം വാദത്തിന് തിരിച്ചടി. സി.പി.എമ്മിൽ ചേർന്ന യദുകൃഷ്ണനിൽ നിന്നും കഞ്ചാവ് കണ്ടെത്തിയെന്ന് എക്സൈസ് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണവും യദുകൃഷ്ണനിൽ നിന്ന് കണ്ടെടുത്തെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, യദുകൃഷ്ണന്റെ കൈയിൽ നിന്നും കഞ്ചാവ് പിടിച്ചിട്ടില്ലെന്നും എക്സൈസ് ഉദ്യോഗസ്ഥർ കുടുക്കിയതാണെന്നുമാണ് പത്തനംതിട്ട ഏരിയ സെക്രട്ടറിയുടെ വിശദീകരണം. സംഘ്പരിവാർ ബന്ധമുള്ള അസീസ് എന്ന ഉദ്യോഗസ്ഥനാണ് കുടുക്കാനായി ഗൂഢാലോചന നടത്തിയതെന്നും സി.പി.എം ഏരിയ നേതൃത്വം കുറ്റപ്പെടുത്തുന്നു. എക്സൈസ് റിപ്പോർട്ടോടെ യദുകൃഷ്ണന്റെ കൈയിൽ നിന്നും കഞ്ചാവ് കണ്ടെത്തിയില്ലെന്ന സി.പി.എം വാദമാണ് പൊളിഞ്ഞത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രൻ അടക്കം 62 പേർക്കൊപ്പം യദുകൃഷ്ണന് സി.പി.എമ്മില്‍ ചേര്‍ന്നത്. ബി.ജെ.പി പ്രവർത്തകരായിരുന്നവർക്ക് സി.പി.എമ്മിൽ അംഗത്വം നൽകുകയായിരുന്നു. മന്ത്രി വീണ ജോർജും ജില്ല സെക്രട്ടറി കെ.പി. ഉദയഭാനുവും ചേര്‍ന്നാണ് കാപ്പ കേസ് പ്രതിക്കൊപ്പം സി.പി.എമ്മിലേക്ക് വന്നവരെ മാലയിട്ട് സ്വീകരിച്ചത്.
ഇതുസംബന്ധിച്ച വിവാദങ്ങളുടെ ചൂടാറും മുമ്പാണ് തിങ്കളാഴ്ച മലയാലപ്പുഴ മയിലാടുംപാറ സ്വദേശി യദുകൃഷ്ണന് രണ്ടുഗ്രാം കഞ്ചാവുമായി പത്തനംതിട്ട എക്സൈസിന്റെ പിടിയിലായത്. പിന്നാലെ സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ എക്സൈസ് ഓഫിസില്‍ നിന്ന് യദുവിനെ ജാമ്യത്തില്‍ ഇറക്കി. കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ ജാമ്യമുള്ള വകുപ്പാണ് ചുമത്തിയിരുന്നത്.
ശരൺ ചന്ദ്രന് അംഗത്വം നൽകിയപ്പോൾ അയാളുടെ കേസുകൾ പഴയതാണെന്നും കാപ്പ നിലനിൽക്കില്ലെന്നും വാദിച്ച സി.പി.എമ്മിനേറ്റ തിരിച്ചടിയാണ് കഞ്ചാവ് കേസ്. സ്ഥിരം കുറ്റവാളികളും ക്രിമിനൽ ബന്ധമുള്ളവരുമായവർക്ക് മന്ത്രി തന്നെ പങ്കെടുത്ത് പാർട്ടി അംഗത്വം നൽകിയതുമായി ബന്ധപ്പെട്ട് പ്രവർത്തകർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. ഇന്റലിജൻസ് വിഭാഗം പോലും അറിയാതെയാണ് മന്ത്രി ചടങ്ങിനെത്തിയതെന്നും പറയുന്നു. സ്ഥലം എം.എൽ.എ കൂടിയായ കെ.യു. ജനീഷ് കുമാർ അംഗത്വ വിതരണ സമയത്ത് മാറിനിന്നതും ഏറെ ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.