തിരുവനന്തപുരം: സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽനിന്ന് മലബാർ കാർഷിക കലാപകാരികളെ ഒഴിവാക്കാനുള്ള ശിപാർശക്ക് അംഗീകാരം നൽകിയ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
സ്വാതന്ത്യ സമര ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ള പ്രക്ഷോഭമാണ് മലബാർ കലാപം. ജന്മിത്വത്തിനും അതിനെ താങ്ങിനിർത്തിയ സാമ്രാജ്യത്വത്തിനുമെതിരായുള്ള ധീരോജ്ജ്വല സമരമായിരുന്നു അത്. മതരാഷ്ട്ര ചിന്തകൾക്കതീതമായി സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ പോരാട്ടമാണ് തങ്ങൾ മുന്നോട്ട് വെക്കുന്നതെന്ന് അതിന്‍റെ നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഇതിൽ നിന്ന് വ്യതിചലിക്കുന്നവർക്കെതിരെ കർശന നിലപാടും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പോലുള്ള നേതാക്കൾ നടത്തി.
ഈ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ മാപ്പിള ലഹളയെന്നു പറഞ്ഞ് ഒറ്റപ്പെടുത്താനാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ശ്രമിച്ചത്. ഈ പാത പിന്തുടർന്ന് മലബാർ കാർഷിക കലാപകാരികളെ വർഗീയമായി മുദ്രകുത്താനുള്ള സംഘ്പരിവാർ അജണ്ടയാണ് കൗൺസിൽ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. മലബാർ കലാപകാരികളെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ബ്രിട്ടീഷുകാർ വെടിവച്ചുകൊന്നത്. അതെ കാഴ്ചപ്പാടാണ് സംഘ്പരിവാർ സ്വീകരിക്കുന്നത്.
ചരിത്രത്തെ വർഗീയവത്കരിക്കുകയും വിഷലിപ്തമാക്കുകയും ചെയ്യുന്ന ആർ.എസ്.എസ് അജണ്ടയാണ് ഇതിലൂടെ പുറത്തുവരുന്നത്. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത് ബ്രിട്ടീഷുകാർക്കൊപ്പം നിന്ന ആർ.എസ്.എസ് അവരുടെ ചരിത്രപാതകൾ നമ്മുടെ ചിന്തയിൽ തിരുകിക്കയറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.