തൃശൂർ:എക്സിറ്റ്പോൾ പ്രവചനങ്ങൾ പുറത്തുവന്നതോടെ വീണ്ടും ചർച്ചകളിൽ നിറഞ്ഞ് തൃശൂർ ലോക്സഭ മണ്ഡലം. കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന എക്സിറ്റ് പോളുകളിലെ പ്രവചനവും അത് തൃശൂരായിരിക്കുമെന്ന സൂചനയുമാണ് തെരഞ്ഞെടുപ്പുവേളയിൽതന്നെ ശ്രദ്ധ നേടിയ മണ്ഡലത്തെ വീണ്ടും രാഷ്ട്രീയ ചർച്ചകളിൽ നിറക്കുന്നത്. ചില സർവേകൾ ഒന്നിലേറെ സീറ്റ് എൻ.ഡി.എക്ക് പ്രവചിക്കുന്നുണ്ടെങ്കിലും ചർച്ച തൃശൂരിനെ ചുറ്റിപ്പറ്റിയാണ്. എൽ.ഡി.എഫും യു.ഡി.എഫും ഒരേപോലെ സർവേ ഫലങ്ങളെ തള്ളുമ്പോൾ ബി.ജെ.പി ആത്മവിശ്വാസത്തിലാണ്.
സിറ്റിങ് എം.പിയായിരുന്ന ടി.എൻ. പ്രതാപന് പകരം കെ. മുരളീധരനെ രംഗത്തിറക്കി മണ്ഡലത്തിന് തങ്ങൾ നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ സന്ദേശം നൽകിയാണ് യു.ഡി.എഫ് ഗോദയിലിറങ്ങിയത്. ജനകീയനായ മുൻ മന്ത്രികൂടിയായ വി.എസ്. സുനിൽ കുമാറിനെ രംഗത്തിറക്കിയ എൽ.ഡി.എഫും വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. രാഷ്ട്രീയ വോട്ടിന് അപ്പുറം സ്ഥാനാർഥിയായ സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവം ഗുണകരമാകുമെന്ന കണക്കുകൂട്ടലാണ് ബി.ജെ.പിക്കുള്ളത്. തെരഞ്ഞെടുപ്പിന് ശേഷം ക്രോസ് വോട്ടിങ് ആരോപണം മണ്ഡലത്തിൽ ഉയർന്നിരുന്നു. വി.എസ്. സുനിൽകുമാറിനെ സി.പി.എം വഞ്ചിച്ചെന്നായിരുന്നു ടി.എൻ. പ്രതാപന്റെ ആരോപണം.
ചില യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിൽ പലരും വോട്ട് ചെയ്തില്ലെന്നായിരുന്നു എൽ.ഡി.എഫ് ജില്ല കൺവീനർ കെ.വി. അബ്ദുൽ ഖാദറിന്റെ മറുപടി. എന്നാൽ, ഈ ചർച്ച മറ്റു നേതാക്കളാരും ഏറ്റുപിടിക്കാതിരുന്നതിനാൽ പിന്നെ മുന്നോട്ട് പോയില്ല. എങ്കിലും ക്രോസ് വോട്ടിങ് സംബന്ധിച്ച് ചില ആശങ്കകൾ മുന്നണികൾക്ക് ഇല്ലാതില്ല. എന്നാൽ, ഇതൊന്നും ബി.ജെ.പിയുടെ സ്വപ്നസാക്ഷാത്കാരത്തിന് സഹായിക്കില്ലെന്ന ഉറപ്പിലാണ് ഇടത്, വലത് മുന്നണികളുടെ നേതാക്കൾ.
2019ൽ 39.84 ശതമാനത്തോടെ 4,15,089 വോട്ടാണ് പ്രതാപൻ നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ സി.പി.ഐയിലെ രാജാജി മാത്യു തോമസിന് 30.85 ശതമാനവും 3,21,456 വോട്ടും കിട്ടി. മൂന്നാമതെത്തിയ സുരേഷ് ഗോപിക്ക് 2,93,822 വോട്ടാണ് (28.2 ശതമാനം) ലഭിച്ചത്. 77.92 ആയിരുന്നു 2019ലെ പോളിങ് ശതമാനം. ഇത്തവണ പോളിങ് ശതമാനത്തിൽ കുറവ് വന്നു. 72.90 ശതമാനമാണ് ഇത്തവണ പോളിങ്. പോളിങ്ങിലെ കുറവിൽ എല്ലാ മുന്നണികൾക്കും ഒരേപോലെ ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.