തിരുവനന്തപുരം: പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യാൻ മൂന്നാം ലോക കേരളസഭയിൽ സംഘടിപ്പിച്ചത് 15 സമാന്തര സമ്മേളനങ്ങൾ. ഇവയുടെ ക്രോഡീകരണ ചർച്ച സ്പീക്കർ എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ സമാപന ദിവസം നടന്നു.
അമേരിക്കൻ രാജ്യങ്ങളിലെ പ്രവാസികൾ, ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രവാസികൾ, പശ്ചിമേഷ്യൻ-യൂറോപ്പ്-ഇതര ഏഷ്യൻ രാജ്യങ്ങളിലെയും പസഫിക് രാജ്യങ്ങളിലെയും പ്രവാസികൾ, ഇതരസംസ്ഥാന പ്രവാസികൾ, തിരികെ എത്തിയവർ, വനിത പ്രവാസികൾ തുടങ്ങിയവരുടെ ആവശ്യങ്ങളും നിർദേശങ്ങളും ജനപ്രതിനിധികൾ കേട്ടു.
• ഇന്ത്യൻ എംബസി പ്രവർത്തിക്കാത്ത രാജ്യങ്ങളിൽ നോർക്ക കൂടുതൽ ശ്രദ്ധപതിപ്പിക്കണം.
• ബിസിനസ് കേസുകളിൽപെട്ട് വിദേശ ജയിലുകളിൽ കഴിയുന്നവർക്ക് നിയമോപദേശത്തിനു പകരം നിയമസഹായം നൽകണം.
• കേസുകൾ കൈകാര്യം ചെയ്യുന്നതിന് അതത് രാജ്യത്തെ ഭാഷയറിയാവുന്ന വക്കീലിനെ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കണം.
• പ്രവാസി കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം.
• പ്രവാസികളുടെ രക്ഷാകർത്താക്കൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള സംരക്ഷണ സംവിധാനം ഒരുക്കണം
• വിദേശ രാജ്യങ്ങളിലെ പാരമ്പര്യേതര മേഖലകളിലെ തൊഴിൽ സാധ്യതകൾ പഠിക്കണം
• വിസ തട്ടിപ്പുകളും വ്യാജ റിക്രൂട്ട്മെന്റുകളും വർധിക്കുന്ന സാഹചര്യത്തിൽ ഇവ കൈകാര്യം ചെയ്യാൻ രാജ്യാന്തര ട്രൈബ്യൂണൽ വേണം.
• തൊഴിൽ സമയം നീളുന്നതുമായി ബന്ധപ്പെട്ട് നോർക്കയുടെ ഇടപെടൽ ഉണ്ടാകണം.
• നോർക്ക വനിത സെൽ ശക്തിപ്പെടുത്തണം.
• തൊഴിലിടങ്ങളിലെ ചൂഷണം ഒഴിവാക്കാൻ ജില്ല അടിസ്ഥാനത്തിലും വാർഡ് തിരിച്ചും നോർക്ക വാട്സ്ആപ് ഗ്രൂപ്പുകൾ രൂപവത്കരിക്കണം.
• ആഭ്യന്തര പ്രവാസി ക്ഷേമത്തിന് ബജറ്റിൽ തുക വകയിരുത്തണം.
• ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഇതരസംസ്ഥാന പ്രവാസികളെക്കൂടി ഉൾപ്പെടുത്തണം.
• ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ വിദ്യാഭ്യാസത്തിനും ജോലി ആവശ്യത്തിനും വരുന്നവർക്ക് താമസിക്കാൻ നോർക്ക കുറഞ്ഞനിരക്കിൽ താമസ സൗകര്യം ഒരുക്കണം.
തിരുവനന്തപുരം: ലോക കേരളസഭയിൽ തൊഴിലാളി വിഭാഗത്തിൽ ഏറ്റവും മുതിർന്ന അംഗമായി എത്തിയ ബഹ്റൈനിൽനിന്നുള്ള സി.വി. നാരായണൻ ചർച്ചകളിൽ പങ്കെടുത്ത് താരമായി. പ്രവാസി തൊഴിലാളികളുടെ പ്രശ്നങ്ങളും പ്രതിസന്ധികളും എണ്ണിപ്പറഞ്ഞും ലോക കേരളസഭ പ്രവാസികളുടെ അതിജീവന വേദിയാകുമെന്ന പ്രത്യാശ പങ്കുവെച്ചുമാണ് കണ്ണൂർ സ്വദേശിയായ ഈ 68കാരൻ വേദിയിൽ ശ്രദ്ധാകേന്ദ്രമായത്.
1983ൽ ബഹ്റൈനിൽ ഫ്രീ വിസയിൽ എത്തിയ നാരായണൻ പിന്നീട് സ്വകാര്യ കമ്പനിയിൽ തൊഴിലാളിയായി. അന്നും ഇന്നും അദ്ദേഹം തൊഴിലാളിയാണ്. ഓവർ ടൈമോ പാർട്ട് ടൈം ജോലികളോ ചെയ്യാതെ ഒഴിവ് സമയങ്ങളിൽ പൊതുപ്രവർത്തനവും ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്ത നാരായണന് കാര്യമായ സമ്പാദ്യമില്ല. എണ്ണമറ്റ സൗഹൃദങ്ങളുണ്ടായതും നിരവധിപേരെ സഹായിക്കാനായതുമാണ് നാരായണന് സംതൃപ്തി നൽകുന്നത്. മുൻ വർഷങ്ങളിലെ രണ്ട് ലോക കേരളസഭകളിലും അംഗമായിരുന്നു. ബഹ്റൈൻ പ്രതിഭ എന്ന പ്രവാസി സംഘടനയുടെ രൂപവത്കരണ കാലംമുതൽ അതിന്റെ പ്രവർത്തകനാണ്. 2018ൽ പ്രവാസം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്. എന്നാൽ, സുഹൃത്തുക്കൾ സമ്മതിച്ചില്ല. അവർ പുതിയ വിസ എടുത്തുനൽകി നിലനിർത്തുകയായിരുന്നു. ഭാര്യ: വിജയലക്ഷ്മി. മകൾ നിവ്യ ബി.ടെക്ക് പൂർത്തിയാക്കി. മകൻ നിഥിൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.