നാദാപുരം: പ്രവാസി വ്യാപാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ഒരു കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു. തൂണേരി മുടവന്തേരി സ്വദേശി മേക്കരതാഴെകുനി എം.ടി.കെ. അഹമ്മദിനെയാണ് (53) ശനിയാഴ്ച പുലർച്ച തട്ടിക്കൊണ്ടുപോയത്. വീടിനുസമീപത്തെ എണവള്ളൂർ പള്ളിയിൽ നമസ്കാരത്തിനായി പോകവെ സ്കൂട്ടർ തടഞ്ഞുനിർത്തി വെളുത്ത കാറിലെത്തിയ സംഘം ബലമായി കയറ്റിക്കൊണ്ടുപോവുകയായിരുന്നു. അഹമ്മദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും ധരിച്ചിരുന്ന തൊപ്പിയും റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായതായി അറിയുന്നത്. തുടർ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചു. പുലർച്ച ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന പ്രദേശവാസിയാണ് ഇയാളെ തട്ടിക്കൊണ്ടുപോകുന്നത് കണ്ടതായി നാട്ടുകാരെ അറിയിച്ചത്.
മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച ഫോൺ ബന്ധുക്കൾ പൊലീസിന് കൈമാറിയെങ്കിലും വൈകിട്ടും അന്വേഷണം എങ്ങുമെത്താത്തതിനെ തുടർന്ന് നാട്ടുകാർ നാദാപുരം പൊലീസ് സ്റ്റേഷന് മുമ്പിൽ റോഡ് ഉപരോധിച്ചു.
ആദ്യഘട്ടത്തിൽ കാണാതായ പരാതിയിൽ കേസെടുത്ത പൊലീസ് പിന്നീടാണ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തത്. ഖത്തറിലും ദുബൈയിലും വ്യാപാരിയാണ് എം.ടി.കെ. അഹമ്മദ്. വിദേശത്തെ വ്യാപാര തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സംശയിക്കുന്നു. മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി നാദാപുരം സി.ഐ എൻ. സത്യനാഥ് പറഞ്ഞു.
നാദാപുരം: പ്രവാസി വ്യാപാരി തൂണേരി മുടവന്തേരി എം.ടി.കെ. അഹമ്മദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം നടത്താതെ പൊലീസ് മധ്യസ്ഥശ്രമം നടത്തിയെന്ന് ബന്ധുക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അഹമ്മദിനെ കണ്ടെത്താൻ പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്നും തട്ടിക്കൊണ്ടു പോയവർ ഒരു കോടി മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വിളിച്ചതിനെ തുടർന്ന് ഫോൺ പൊലീസിന് നൽകിയിട്ടും സന്ദേശം തുടർന്നെന്നും ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.