കൊച്ചി: ക്ഷേത്രത്തിനകത്ത് കുറി തൊടാൻ പത്ത് രൂപ വരെ ഭക്തരിൽ നിന്ന് ഫീസ് ഈടാക്കാൻ സ്വകാര്യ കക്ഷികൾക്ക് അവകാശം നൽകുന്നതിന് ടെൻഡർ വിളിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടിയെ വിമർശിച്ച് ഹൈകോടതി. എരുമേലി ശ്രീധർമ ശാസ്ത ക്ഷേത്രം നടപ്പന്തലിൽ നാലിടത്ത് ചന്ദനവും കുങ്കുമവും ഭസ്മവും അടങ്ങിയ തട്ട് വെക്കാനുള്ള അവകാശം ടെൻഡർ ചെയ്തു നൽകുന്നതിനെതിരായ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ക്ഷേത്രത്തിന് അകത്താണോ കുറി തൊടാൻ പണം വാങ്ങുന്നതെന്ന് ആരാഞ്ഞ കോടതി ഭക്തരെ ചൂഷണം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി. ഭക്തരെ ആരും ചൂഷണം ചെയ്യാതിരിക്കാനാണ് ഈ നടപടിയെന്നും നിർബന്ധിച്ച് ചെയ്യിപ്പിക്കുന്നില്ലെന്നും ദേവസ്വം ബോർഡ് വിശദീകരിച്ചു. ബോർഡിന് ലക്ഷങ്ങൾ ലഭിക്കുമ്പോൾ കരാറുകാരന് കോടികളാകും ലഭിക്കുകയെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങളിൽ കണ്ട പണം വാങ്ങുന്നയാളെ തിരിച്ചറിഞ്ഞ് വിവരങ്ങൾ കൈമാറണമെന്ന് കോടതി നിർദേശിച്ചു. എരുമേലി സ്വദേശികളായ മനോജ്.എസ്. നായർ, അരുൺ സതീഷ് എന്നിവരാണ് ഹരജി നൽകിയത്.
ശബരിമലയിലേക്ക് പോകുന്ന തീർഥാടകർ എരുമേലി പേട്ട തുള്ളലും ക്ഷേത്രക്കടവിൽ കുളിയും കഴിഞ്ഞ് നെറ്റിയിലും ദേഹത്തും മറ്റും കുറി ചാർത്തി ദർശനം നടത്തുന്ന ആചാരം നിലവിലുള്ളതായി ഹരജിയിൽ പറയുന്നു. പല ക്ഷേത്രങ്ങളിലും സൗജന്യമായി നൽകുന്ന ചന്ദനവും കുങ്കുമവും ഭസ്മവും ഉപയോഗിച്ചാണ് ഭക്തർ കുറി തൊടുന്നത്. ഇതിന് പകരമായി ഭൂരിപക്ഷം ഭക്തരും ക്ഷേത്ര ഭണ്ഡാരത്തിൽ പണം ഇടാറുമുണ്ട്. എരുമേലിയിൽ ഈ തുക ദേവസ്വം ബോർഡിനാണ് ലഭിക്കുന്നത്. മാതാചാരം അനുഷ്ഠിക്കാനുള്ള ഭരണഘടനാനുസൃതമായ അവകാശത്തിന്റെ ലംഘനവും സ്വേഛാപരവും നിയവിരുദ്ധവുമായ നടപടിയാണ് പണപ്പിരിവിന് തട്ടുവെക്കലെന്നും ഹരജിയിൽ പറഞ്ഞു. തുടർന്ന് ഹരജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.