ചെങ്ങന്നൂർ: മുൻ ജനപ്രതിനിധിയുടെ വീടിനുമുകളിൽ സ്ഫോടകവസ്തു കണ്ടെത്തി. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് അംഗവും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന ചിറക്കരയിൽ സാവിത്രിയമ്മയുടെ വീടിന്റെ ടെറസിലാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ സ്ഫോടകവസ്തു കണ്ടെത്തിയത്. ബി.ജെ.പി 35ാം നമ്പർ ബൂത്ത് കമ്മിറ്റി പ്രസിഡന്റായ മകൻ ശ്രീരാജാണ് ആദ്യം കാണുന്നത്. സംശയം തോന്നി വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ചെങ്ങന്നൂർ പൊലീസെത്തി വസ്തു പുരയിടത്തിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് മാറ്റി.
എസ്.ഐ ഇ. മൈക്കിളിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നിന്നുള്ള ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി സ്ഫോടകവസ്തു നിർവീര്യമാക്കി. ബാൾ ഐസ്ക്രീമിന്റെ ആകൃതിയിലുള്ളതിനു പുറത്ത് മൂന്നു തിരികളുണ്ടായിരുന്നു. അലുമിനിയം നിറത്തിലുള്ള വെടിമരുന്നിനൊപ്പം ചെറിയ മുത്ത് വലിപ്പമുള്ള ബാളുകളുമുണ്ടായിരുന്നു. നിർവീര്യമാക്കിയപ്പോൾ പൂത്തിരിക്ക് സമാനമായി വിവിധ വർണങ്ങളിൽ അന്തരീക്ഷത്തിലേക്കുയർന്ന് കത്തുകയായിരുന്നു.
ഒരാഴ്ച മുമ്പ് സാവിത്രിയമ്മയുടെ ശ്രദ്ധയിൽപെട്ടിരുന്നെങ്കിലും കുട്ടികളുടെ കളിപ്പാട്ടമാണെന്നാണ് കരുതിയിരുന്നത്. പരിസര പ്രദേശങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളുൾപ്പെടെ നിരീക്ഷിച്ചുവരുകയാണ്.
ചെങ്ങന്നൂർ സി.ഐ സി. ദേവരാജ്, എസ്.ഐമാരായ എ. വിനോജ്, അസീസ്, സി.പി.ഒമാരായ കെ.ഇ. അഷ്റഫുദ്ദീൻ, ജിൻസൻ വർഗീസ്, സ്പെഷൽ ബ്രാഞ്ചിൽനിന്ന് അരുൺകുമാർ, സംസ്ഥാന സ്പെഷൽ ബ്രാഞ്ചിലെ എസ്. സുരേഷ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.