അതിതീവ്രമഴ കൂടുന്നത് വെള്ളപ്പൊക്കത്തിനും വരൾച്ചക്കും ഇടയാക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ അതിതീവ്രമഴ കൂടുന്നുവെങ്കിലും ആകെ മഴ കുറയുന്നുവെന്ന് റിപ്പോർട്ട്. ഇത് വെള്ളപ്പൊക്കത്തിനും വരൾച്ചക്കും ഒരുപോലെ വഴിവെക്കുകയാണ്. അതിതീവ്രമഴയുടെ വെള്ളം പെട്ടെന്ന് തന്നെ കുത്തിയൊലിച്ച് കടലിലെത്തുന്നതിനാൽ ഭൂമിക്ക് ആഗിരണം ചെയ്യാനാകില്ല. തീവ്രത കുറഞ്ഞ മഴയുടെ വെള്ളം മാ​ത്രമേ മണ്ണിൽ പരന്നൊഴുകി ആഴ്ന്നിറങ്ങുകയും ഭൂഗർഭ ജലനിരപ്പ് ഉയർത്തുകയുമുള്ളു. കുത്തിയൊലിച്ചുപോകുന്ന വെള്ളം വെള്ളപ്പൊക്കത്തിനിടയാക്കും. ഓരോ പ്രദേശത്തും ഇടക്കിടെ വെള്ളപ്പൊക്കമുണ്ടാക്കുന്ന വെള്ളം മണ്ണിലിറങ്ങാതെ കടലിൽ പതിയുന്നതിനാൽ വെള്ളപ്പൊക്കത്തിനു ശേഷം കേരളം വരൾച്ചയെയും നേരിടേണ്ടി വരുന്നു. സംസ്ഥാനത്ത് സ്ഥിരമായി കാണുന്ന കാഴ്ചയാണിത്.

1950 മുതൽ 2021 ​വരെയുള്ള 70 വർഷത്തിനിടെയാണ് സംസ്ഥാനത്ത് അതിതീവ്രമഴ കൂടിയത്. ഇടുക്കി, കോട്ടയം, എറണാകുളം, പത്തനം തിട്ട, ആലപ്പുഴ ജില്ലകളുൾപ്പെ​ടുന്ന മധ്യകേരളത്തിലാണ് ഏറ്റവും കൂടുതൽ അതിതീവ്രമഴ പെയ്യുന്നത്. വരും വർഷങ്ങളിലും അതിതീവ്രമഴയു​ടെ ശക്തിയും ഇടവേളയും വർധിക്കുമെന്ന് പുനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജി(ഐ.ഐ.ടി.എം)യിലെ കാലാവസ്ഥാ വ്യതിയാന ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യു കോൾ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ചൂടുള്ളവായു ഈർപ്പത്തെ കൂടുതൽ നേരം പിടിച്ചുവെക്കുകയുംഅതിലൂടെ ക്യുമുലോ നിംബസ് മഴമേഘങ്ങൾ ഉണ്ടാവുകയും ചെയ്യുന്നതാണ് മേഘവിസ്ഫോടനത്തിനിടവെക്കുന്നത്. ക്യുമുലോ നിംബസ് മേഘങ്ങളിൽ സാധാരണ മഴമേഘങ്ങളേക്കാൾ കൂടുതൽ ഈർപ്പം അടങ്ങിയിരിക്കും. അത് മേഘവിസ്ഫോടനത്തിനിടയാക്കുകയും ഒരു സീസണിൽ കിട്ടേണ്ട മഴ രണ്ടോ മൂന്നോ മണിക്കൂറിൽ പെയ്തൊഴിയുകയും ചെയ്യും.

വ്യാപകമായി പെയ്യുന്ന അതിതീവ്രമഴ രണ്ടോ മൂന്നോ ദിവസം മുമ്പ് പ്രവചിക്കാനാകും. എന്നാൽ മേഘവിസ്ഫോടനം മൂലമുണ്ടാകുന്ന മഴ ഇങ്ങനെ പ്രവചിക്കാനാകില്ല. രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് പ്രവചിക്കാൻ സാധിക്കും. പ്രാദേശികമായാണ് മേഘവിസ്ഫോടനം സംഭവിക്കുക. റഡാറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ എല്ലായിടത്തുമില്ലാത്തതിനാൽ പ്രവചനം പൂർണമാകാറില്ല.

Tags:    
News Summary - Extreme rainfall can lead to floods and droughts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.