തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചതിൽ കെ.എസ്.യു നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്ന് എസ്.എഫ്.ഐ. വ്യാജ തിരിച്ചറിയൽ കാർഡ് നിർമാണത്തിലൂടെ രാജ്യദ്രോഹ പ്രവർത്തനത്തിന് കെ.എസ്.യു നേതാക്കളും നേതൃത്വം നൽകിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നതെന്ന് എസ്.എഫ്.ഐ പ്രസ്താവനയിൽ പറഞ്ഞു.
എ ഗ്രൂപ്പ് സ്ഥാനാർഥിയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ വിജയിപ്പിക്കാൻ വേണ്ടി എ ഗ്രൂപ്പുകാരനായ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിന്‍റെ നിർദേശ പ്രകാരമാണ് കെ.എസ്.യുനേതാക്കൾ വ്യാജ ഐ.ഡി കാർഡ് നിർമാണത്തിന് നേതൃത്വം നൽകിയതെന്നും എസ്.എഫ്.ഐ ആരോപിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ നടക്കുന്ന വ്യാജ ഐ.ഡി കാർഡ് നിർമാണത്തെ സംബന്ധിച്ച അന്വേഷണത്തിൽ കെ.എസ്.യുനേതാക്കളുടെ പങ്കും അന്വേഷിക്കണമെന്ന് എസ്.എഫ്.ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പാലോട് ക്രസന്‍റ് ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി തന്‍റെ ഫോട്ടോ ഉപയോഗിച്ച് കെ.എസ്.യുനേതാവ് കിരൺ ഗോവിന്ദ് വ്യാജ ഐ.ഡി കാർഡ് നിർമിച്ചു എന്ന പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിരിക്കുകയാണ്. പരാതി നൽകിയ വിദ്യാർഥിയെ പോലെ ആയിരക്കണക്കിന് വിദ്യാർഥികളുടെ വ്യാജ ഐ.ഡി കാർഡ് നിർമിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങളെന്നും കേരളത്തിലെ വിവിധ കോളേജുകളിലെ വിദ്യാർഥികളുടെ പേരുകളും മേൽവിലാസങ്ങളും കോൺഗ്രസ് അനുകൂല സർവീസ് സംഘടനയുടെ സഹായത്തോടെയാണ് ഇക്കൂട്ടർ സംഘടിപ്പിച്ചതെന്നും എസ്.എഫ്.ഐ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.