തൃത്താല: നവകേരള സദസിനെ വിമർശിച്ചതിന് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിനു കേസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ഫാറൂഖിനെതിരെ തൃത്താല പൊലീസാണ് കേസെടുത്തത്. നവകേരള സദസിനെതിരെ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് കേസിനാസ്പദം. സി.പി.എം നേതാക്കളാണ് ഫാറൂഖിനെതിരെ പരാതി നൽകിയത്.
നവംബർ 19നാണ് ഫാറൂഖ് തന്റെ ഫേസ്ബുക്ക് പേജിൽ നവകേരള യാത്രയെ പരിഹസിക്കുന്ന ചിത്രവും കുറിപ്പും പങ്കുവച്ചത്. ‘ആലിബാബയും 41 കള്ളൻമാരും’ എന്ന തലക്കെട്ടിൽ നവകേരള ബസിന്റെ മാതൃകയിലുള്ള ചിത്രമാണ് ഫാറൂഖ് പങ്കുവച്ചത്.
പോക്കറ്റടിക്കാരെയും കള്ളന്മാരെയും ആകാംക്ഷയോടെ കാണാൻ ജനം കൂടുന്നത് സ്വാഭാവികം’ ഇതായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. ഇതിനു പിന്നാലെയാണ് സി.പി.എം പരാതിയുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയെയും മന്ത്രിമാരേയും ബോധപൂർവം കള്ളൻമാരായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പരാതി ലഭിച്ചതിനു പിന്നാലെ തൃത്താല പൊലീസ് ഫാറൂഖിനെ വിളിച്ച് മൊഴി രേഖപ്പെടുത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസെടുത്ത സാഹചര്യത്തിൽ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നറിയിച്ച് കൊണ്ട് വീഡിയോയും കുറിപ്പുമായി ഒ.കെ. ഫാറൂഖ് തെൻറ ഫേസ് ബുക്ക് പേജിലൂടെ രംഗത്തെത്തി. അതിങ്ങനെ:
ഫാസിസം തുലയട്ടെ...
പിണറായി സർക്കാരിൻ്റെ ധൂർത്തിനും നവ കേരള സദസ്സിനുമെതിരെ ഞാൻ നവംബർ 19ന് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു, ഇന്ന് തൃത്താല പോലീസ് എനിക്കെതിരെ CPIM നേതാക്കളുടെ പരാതിയിൽ കേസ് എടുത്തിട്ടുണ്ട് (153,120). കലാപഹ്വാനം നടത്തി എന്നാണത്രേ കേസ്😀. പറയാനുള്ളത് ഇനിയും ആർജ്ജവത്തോടെ പറഞ്ഞു കൊണ്ടേയിരിക്കും, കേസുകൾ നിങ്ങൾ എടുത്തു കൊണ്ടേയിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.