പത്തനംതിട്ട: സേവനം നല്കുന്നതില് വീഴ്ച വരുത്തിയ ഇന്‍ഷുറന്‍സ് കമ്പനി 52,310 രൂപ നഷ്ടപരിഹാരം നല്കാന് ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന് ഉത്തരവിട്ടു. നന്നുവക്കാട് ജീസസ് നഗര്‍ മേലേക്കൂറ്റ് പി.കെ. ജേക്കബ് നല്കിയ ഹരജി അനുവദിച്ച് ടാറ്റ എ.ഐ.ജി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി മാനേജര്‍ക്ക് എതിരെയാണ് ഉത്തരവ്.
ജേക്കബിന്റെ ഭാര്യ മിനി മരണമടഞ്ഞതിനെ തുടര്‍ന്ന് കമ്പനി നല്കിയ നഷ്ടപരിഹാരത്തുകയില്‍ നിന്ന് ഒരു തവണത്തെ പ്രീമിയം തുകയായ 44,851 രൂപ കുറവ് ചെയ്തുവെന്ന് കാട്ടിയാണ് ജേക്കബ് കമീഷനെ സമീപിച്ചത്. 2020 ഡിസംബര്‍ 14ന് രാവിലെ ആറരയോടെയാണ് മിനി മരിച്ചത്. അതേ ദിവസം തന്നെയായിരുന്നു ഇന്‍ഷുറന്‍സ് പോളിസി പുതുക്കേണ്ട കാലാവധി തുടങ്ങിയതും.
ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് കമ്പനി നഷ്ടപരിഹാരത്തുകയില്‍ നിന്ന് പണം കുറവ് ചെയ്തതെന്ന് ഹാജരായ അഭിഭാഷകന് വാദിച്ചു. ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തി മരിച്ചാല്‍ പോളിസി തുകയുടെ പത്തിരട്ടിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. അതിന് പ്രകാരം 4,48,510 രൂപ ലഭിക്കണമെന്നായിരുന്നു ജേക്കബിന്റെ വാദം. യഥാര്‍ഥ പോളിസി പ്രീമിയം 43,280 രൂപയാണെന്നും 1080 രൂപ ജി.എസ്.ടി ഒഴിവാക്കി 3,88,490 രൂപ നഷ്ടപരിഹാരം നല്‍കിയെന്നും കമ്പനി അവകാശപ്പെട്ടു.
എന്നാല്‍, പോളിസി ഉടമ മരിച്ചതിന്റെ പേരില്‍ നഷ്ടപരിഹാരത്തുകയില്‍ നിന്ന് ഒരു തവണത്തെ പ്രീമിയം ഈടാക്കാന്‍ സാധിക്കില്ലെന്ന് കമീഷന് നിരീക്ഷിച്ചു. പോളിസി അടയ്ക്കാന്‍ 30 ദിവസത്തെ ഗ്രേസ് പീരീഡുണ്ട്. ഇന്‍ഷുര്‍ ചെയ്യപ്പെട്ടയാള്‍ ജീവിച്ചിരുന്നെങ്കില്‍ ആ സമയത്ത് പ്രീമിയം അടയ്ക്കുമായിരുന്നു. ആ നിലക്ക് ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രവൃത്തിക്ക് യാതൊരു നീതീകരണവുമില്ലെന്ന് കമീഷന് നിരീക്ഷിച്ചു.
ജി.എസ്.ടി ഒഴിച്ചുള്ള ഒരു തവണത്തെ പ്രീമിയം തുകയായ 44310 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും കോടതി ചെലവിനത്തില്‍ 3000 രൂപയും ചേര്‍ത്ത് 52,310 രൂപ 30 ദിവസത്തിനകം നൽകാനാണ് കമീഷന് പ്രസിഡന്റ് ജോര്‍ജ് ബേബി, അംഗം നിഷാദ് തങ്കപ്പന് എന്നിവര്‍ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.