ചിറയിൻകീഴ്: മുതലപ്പൊഴി ഹാർബർ അഴിമുഖ ചാലിൽനിന്ന് മണൽ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ മന്ദഗതിയിൽ. ഡ്രെഡ്ജർ എത്തിച്ച് മണൽ നീക്കം വേഗത്തിലാക്കുമെന്ന മന്ത്രിതല സമിതിയിയുടെ തിരുമാനവും പ്രഖ്യാപനത്തിലൊതുങ്ങി. മുതലപ്പൊഴിയിൽ അദാനി ഗ്രൂപ് എത്തിച്ച ഒരു എക്സ്കവേറ്റർ ഉപയോഗിച്ച് മണൽ നീക്കുന്ന പ്രവർത്തനമാണ് നിലിവിലുള്ളത്. ആറ് മീറ്റർ താഴ്ചയിലും 400 മീറ്റർ നീളത്തിലുമാണ് മണൽ നീക്കം പൂർത്തിയാക്കേണ്ടത്.
ബാർജിൽ ഘടിപ്പിച്ച എക്സ്കവേറ്റർ ഉപയോഗിച്ച് ഒന്നരമാസമായി തുടരുന്ന മണൽ നീക്കംകൊണ്ട് കാര്യമായ നേട്ടം കൈവരിക്കാനായില്ല.
അഴിമുഖത്തെ തെക്കേ പുലിമുട്ടിന് സമാന്തരമായാണ് ആഴ്ചകളായി വൻ തോതിൽ മണൽതിട്ട രൂപപ്പെടുന്ന പ്രതിഭാസം നിലനിൽക്കുന്നത്. എക്സ്കവേറ്റർ ഉപയോഗിച്ച് കുഴിച്ചെടുക്കുന്ന മണലിനെക്കാൾ കൂടുതൽ മണൽ അടിഞ്ഞ് കൂടുന്നതും വെല്ലുവിളിയാകുന്നു. പലപ്പോഴും യന്ത്രത്തകരാറിനെ തുടർന്ന് മണൽ നീക്കം നിർത്തിവെക്കുന്ന സാഹചര്യവുമുണ്ട്. അഴിമുഖത്ത് രണ്ട് മീറ്റർ താഴ്ചയാണ് നിലവിലുള്ളത്. ഇതോടെ മത്സ്യബന്ധന യാനങ്ങൾ കടന്നു പോകുന്നതിന് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
അദാനി ഗ്രൂപ്പുമായുള്ള സർക്കാർ കരാർ കലാവധി അവസാനിക്കാൻ മൂന്നു മാസം മാത്രമാണ് ശേഷിക്കുന്നത്. അഴിമുഖത്ത് ആവശ്യമായ ആഴമില്ലാത്തതാണ് മുതലപ്പൊഴിയെ പ്രധാന അപകടകേന്ദ്രമാക്കി മാറ്റുന്നത്. ആവശ്യമായ ആഴം ഉറപ്പാക്കാത്തതിനാൽ കഴിഞ്ഞവർഷം മൺസൂൺ കാലത്ത് 29 അപകടങ്ങളാണ് സംഭവിച്ചത്.
നാലുപേരുടെ ജീവനും നഷ്ടമായി. ഇതേ സ്ഥിതി തുടർന്നാൽ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിയാധാരമാകുകയും ചെയ്യും.
അടിയൊഴുക്ക് കാരണം കൂടുതൽ മണൽ അഴിമുഖ ചാലിൽ അടിഞ്ഞു കൂടുന്ന അവസ്ഥയിൽ പൂർണതോതിൽ മണൽ നീക്കൽ തടസ്സമാകുന്നെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. കാലാവസ്ഥയും ഇടക്കിടെ പ്രതികൂലമാകുന്നു. ഇതു മണൽ നീക്കം കൂടുതൽ വേഗത്തിലാക്കുന്നതിന് തടസ്സമാകുന്നുണ്ട്. നിലവിൽ കൂടുതൽ എക്സ്കവേറ്ററുകൾ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി അദാനി ഗ്രൂപ് ഉദ്യോഗസ്ഥർ പറയുന്നു.
ഫെബ്രുവരി-മാർച്ച്-ഏപ്രിൽ ഈ മൂന്നു മാസങ്ങൾ കൂടി മാത്രമേ, മണൽ നീക്കം ഉൾപ്പെടെ പ്രവൃത്തികൾക്ക് കാലാവസ്ഥ സാധ്യമാകൂ. അതിനു ശേഷമുള്ള മൺസൂൺ പ്രാരംഭഘട്ടം കടലിൽ ശക്തമായ തിരമാലകൾക്കും അടിയൊഴുക്കിനും കാരണമാകും. അതിനാൽതന്നെ നിലവിലെ പ്രവൃത്തികൾ പോലും ആസമയങ്ങളിൽ ചെയ്യുക സാധ്യമല്ല. അതിനാൽ എത്രയുംവേഗം സർക്കാർ ഇടപെട്ട് ഡ്രെഡ്ജർ എത്തിക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.