ഫൈസല്‍ വധം: ആര്‍.എസ്.എസ് ആസ്ഥാനത്ത്  ഗൂഢാലോചന നടന്നതിന് കൂടുതല്‍ തെളിവുകള്‍

തിരൂര്‍: മതംമാറിയ വൈരാഗ്യത്തിന് കൊടിഞ്ഞിയില്‍ ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ തിരൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് ഗൂഢാലോചന നടന്നതിന് ക്രൈംബ്രാഞ്ചിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ശനിയാഴ്ച കേസിലെ സൂത്രധാരന്‍ തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണനെ ഉപയോഗിച്ച് ആര്‍.എസ്.എസ് ആസ്ഥാനമായ സംഘ്മന്ദിറില്‍ നടത്തിയ തെളിവെടുപ്പിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. നാരായണന്‍ സംഘ്മന്ദിറിലെ ലാന്‍ഡ് ഫോണില്‍നിന്ന് പ്രതികളെയും അവര്‍ തിരിച്ചും വിളിച്ചതായി കണ്ടത്തെി. ഇയാള്‍ ഇവിടെ താമസിച്ചിരുന്നതായും വ്യക്തമായി. 

ഫൈസല്‍ വധക്കേസുമായി ബന്ധപ്പെട്ട് രണ്ടാംതവണയാണ് സംഘ്മന്ദിറില്‍ തെളിവെടുപ്പ് നടക്കുന്നത്. കൃത്യം നിര്‍വഹിച്ച സംഘത്തിലുണ്ടായിരുന്ന ബിപിന്‍ദാസിനെയും ശനിയാഴ്ച തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു. ഇയാള്‍ നല്‍കിയ വിവരമനുസരിച്ച് കൃത്യത്തിനുപയോഗിച്ച കത്തി ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കൈനിക്കര റോഡിലെ ഓവുപാലത്തിനടിയിലെ പൈപ്പിനുള്ളില്‍നിന്ന് കണ്ടത്തെി. തുടര്‍ന്ന് കത്തി ഒളിപ്പിക്കാന്‍ സഹായിച്ച ഇയാളുടെ അയല്‍വാസി തോട്ടശ്ശേരി വിഷ്ണുവിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിച്ചാത്തന്‍പടി വടക്കേപാടത്തുനിന്ന് വൈകീട്ട് ആറുമണിയോടെയാണ് 22 സെന്‍റീമീറ്റര്‍ നീളമുള്ള കത്തി കണ്ടെടുത്തത്. ബിപിന്‍ദാസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് ഇവിടെ പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. ഫൈസലിന്‍െറ വയറിന് കുത്തിയിരുന്നത് ബിപിന്‍ദാസാണ്.   
 
സംഘ്മന്ദിറില്‍നിന്ന് ചില രേഖകള്‍ പൊലീസ് കണ്ടെടുത്തു. കൃത്യം നടത്തിയ ശേഷം താനുള്‍പ്പെടെയുള്ളവര്‍ സംഘ്മന്ദിറിലത്തെി രക്തക്കറ കഴുകിക്കളഞ്ഞതായും വസ്ത്രം തീയിട്ടു നശിപ്പിച്ചതായും ബിപിന്‍ദാസ് മൊഴി നല്‍കി. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ തുടങ്ങിയ തെളിവെടുപ്പ് രണ്ട് മണിക്കൂറിലേറെ നീണ്ടു. കഴിഞ്ഞമാസം കൃത്യത്തില്‍ പങ്കെടുത്ത രണ്ട് പ്രതികളെ ഇവിടെ കൊണ്ടുവന്ന് ലോക്കല്‍ പൊലീസും തെളിവെടുപ്പ് നടത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.കെ. ബാബു, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍, താനൂര്‍ സി.ഐ അലവി, എസ്.ഐമാരായ പി. ചന്ദ്രന്‍ (വണ്ടൂര്‍), വിശ്വനാഥന്‍ കാരയില്‍ (തിരൂരങ്ങാടി), കെ.ആര്‍. രഞ്ജിത്ത് (തിരൂര്‍), അഡീഷനല്‍ എസ്.ഐ സന്തോഷ് പൂതേരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
                  
 


 

Tags:    
News Summary - faisal murder: more evidence for RSS involvement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.