മലപ്പുറം: മകനെ കൊല്ലുമെന്ന് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി തിരൂരങ്ങാടി കൊടിഞ്ഞിയില്‍ വെട്ടേറ്റു മരിച്ച പുല്ലാണി ഫൈസലിന്‍െറ മാതാവ് മിനി. തന്‍െറ ഇളയ മകളുടെ ഭര്‍ത്താവ്, ഫൈസലിന്‍െറ തലയറുക്കുമെന്ന് എല്ലായ്പ്പോഴും പറയാറുണ്ടായിരുന്നുവെന്നും അവര്‍ ‘മീഡിയ വണ്‍’ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
‘സ്വന്തം ഇഷ്ടപ്രകാരം മതം മാറി ആര്‍ക്കും ഒരു പ്രയാസവുമുണ്ടാക്കാതെ ജീവിച്ചവനായിരുന്നു അവന്‍. മതം മാറട്ടേയെന്ന് ഉണ്ണി (ഫൈസല്‍) എന്നോട് ചോദിച്ചിരുന്നു. മോന് നല്ലതാണെന്ന് തോന്നുന്നുവെങ്കില്‍ മാറിക്കോളൂവെന്ന് ഞാന്‍ സമ്മതവും നല്‍കി. എന്‍െറ കുട്ടി അവന് ശരിയെന്ന് തോന്നിയ വഴി സ്വീകരിച്ചത് വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു. എന്നാല്‍, ചിലര്‍ക്ക് അവനോട് വെറുപ്പുണ്ടായി. കഴുത്തറക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും കാര്യമായെടുത്തില്ല. വീട്ടില്‍ നിന്ന് ആരോ അവനെ ഒറ്റുകൊടുത്തു’-മിനി പറഞ്ഞു.
‘ഉണ്ണിയുടെ കഴുത്തറുത്ത് കാണിച്ച് തരാമെന്ന് പറഞ്ഞ് ഒരു ദിവസം മദ്യപിച്ച് വീട്ടില്‍ വന്ന മരുമകന്‍ ബഹളം വെച്ചു. മകന്‍െറ തലയറുത്ത് തരാമോയെന്ന് പിതാവിനോടും അമ്മാവനെ കൊല്ലാന്‍ സഹായിക്കുമോയെന്ന് മക്കളോടും ഇയാള്‍ ചോദിക്കാറുണ്ട്. സഹോദരനെ കാണുന്നതില്‍നിന്ന് ഭാര്യയെയും ബി.ജെ.പിക്കാരനായ മരുമകന്‍ വിലക്കിയിരുന്നു’.
ഫൈസലിനെ തട്ടുമെന്നും പൊലീസിന് ഒരു ചുക്കും ചെയ്യാനാവില്ളെന്നും സഹോദരിമാരോട് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പറയാറുണ്ട്. ഒരു ദിവസം പുലര്‍ച്ചെ ബൈക്കില്‍ വെന്നിയൂരിലേക്ക് പോവുകയായിരുന്ന ഇവരെ ഫൈസല്‍ കൂടെയുണ്ടെന്ന് കരുതി ജീപ്പിലത്തെിയ ചിലര്‍ പിന്തുടര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെ ഫൈസല്‍ പുറപ്പെട്ട വിവരം കൊലയാളികള്‍ക്ക് കൈമാറിയത് മരുമകനാണെന്ന് സംശയിക്കുന്നതായും മിനി വ്യക്തമാക്കി.
ഫൈസലിന്‍െറ പ്രേരണയില്‍ ഭാര്യയും മക്കളും മുസ്ലിംകളാകുമെന്ന് ചിലര്‍ ഭയപ്പെട്ടിരുന്നു. പിന്തിരിപ്പിക്കാന്‍ ഇക്കൂട്ടര്‍ പലതവണ ശ്രമിച്ചെങ്കിലും ശരിയാണെന്ന് തോന്നുന്ന മാര്‍ഗം പിന്തുടരുമെന്നായിരുന്നു അവളുടെ (ജസ്ന) മറുപടി. ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് കരുതിയാണ് അവര്‍ വാടക ക്വാര്‍ട്ടേഴ്സിലേക്ക് മാറിയത്. മരിക്കാന്‍ പേടിയില്ളെന്നും മക്കളെ വിട്ടുകൊടുക്കരുതെന്നും ഫൈസല്‍ പറഞ്ഞിരുന്നു.
ഗള്‍ഫിലേക്ക് തിരിച്ചുപോവുന്നതിനാല്‍ ക്വാര്‍ട്ടേഴ്സിലേക്ക് തന്നെയും കൊണ്ടുപോവാന്‍ വരുമെന്നറിയിച്ചു. ഭാര്യവീട്ടുകാരെ കൂട്ടാന്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പോയ ഫൈസലിനെ കൊന്നതറിയാതെ താന്‍ വസ്ത്രം മാറി വീട്ടില്‍ കാത്തിരുന്നു. പരിഭ്രാന്തനായി മരുമകന്‍ അങ്ങാടിയില്‍ പോയി വരുന്നതും കണ്ടു. മൂന്ന് പിഞ്ചുമക്കളെ അനാഥരാക്കിയാണ് മകന്‍ പോയതെന്ന് മിനി കണ്ണീരോടെ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.