ഫൈസലിനെ വധിക്കാന്‍ സംഘത്തെ വിട്ടത് യാസിര്‍ വധക്കേസിലെ ഒന്നാം പ്രതി

തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗറിലെ പുല്ലാണി ഫൈസലിനെ (30) വധിക്കാന്‍ സംഘത്തെ അയച്ചത് കോളിളക്കം സൃഷ്ടിച്ച തിരൂര്‍ യാസിര്‍ വധക്കേസിലെ ഒന്നാം പ്രതി മഠത്തില്‍ നാരായണന്‍. ഇയാളെ പിടികൂടാന്‍ തിരൂര്‍ തൃക്കണ്ടിയൂരിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും ഒളിവിലാണെന്ന് വിവരം ലഭിച്ചു. ഇയാളെ കണ്ടത്തൊനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ജൂലൈയില്‍ ഫൈസല്‍ നാട്ടിലത്തെിയപ്പോള്‍ ഭാര്യയും മൂന്ന് മക്കളും ഇസ്ലാം സ്വീകരിച്ചു. സഹോദരിയെയും മക്കളെയും മതം മാറ്റുമെന്ന് ഭയന്നതിനാല്‍ ഭര്‍ത്താവായ വിനോദ് ബി.ജെ.പി-ആര്‍.എസ്.എസ് പ്രാദേശിക നേതാക്കളായ ഹരിദാസന്‍, ഷാജി, സുനില്‍, സജീഷ് എന്നിവരെ സമീപിച്ചു. ഇവര്‍ സംഘടനയുടെ പരപ്പനങ്ങാടിയിലെ നേതാക്കളെ വിവരമറിയിച്ചു. ഒക്ടോബറില്‍ ഷാജി, സജീഷ്, സുനില്‍, വിനോദ്, പ്രദീപ്, ഹരിദാസന്‍, പരപ്പനങ്ങാടിയിലെ സംഘടന നേതാവ് ജയപ്രകാശന്‍ എന്നിവര്‍ മേലേപ്പുറത്തെ ഗ്രൗണ്ടില്‍ ഒത്തുചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. 

വിവരം തിരൂരിലെ ആര്‍.എസ്.എസ് നേതാവിനെ അറിയിച്ചു. ഈ നേതാവ് തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണനാണെന്നും ഇയാളുടെ നിര്‍ദേശപ്രകാരം മൂന്നുപേര്‍ 19ന് പുലര്‍ച്ചെ കൊടിഞ്ഞിയിലത്തെി കൃത്യം നടത്തുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഫൈസല്‍ താനൂരിലേക്ക് പോകുന്നുണ്ടെന്ന വിവരം ലിജു എന്ന ലിജേഷാണ് സംഘത്തിന് കൈമാറിയത്. ഫൈസലിന്‍െറ സഹോദരി ഡ്രൈവിങ് പരിശീലിപ്പിക്കുന്നത് ലിജുവിന്‍െറ കൊടിഞ്ഞി ചെറുപ്പാറയിലെ ഡ്രൈവിങ് സ്കൂളിലാണ്. ജോലി ഒഴിവാക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം മൂന്ന് തവണയായി ശമ്പളവും വര്‍ധിപ്പിച്ചു. ശമ്പളം 7,000 രൂപയില്‍നിന്ന് 15,000 രൂപയാക്കി ഫൈസലിന്‍െറ സഹോദരിയെ പിടിച്ചുനിര്‍ത്തി. സൗഹൃദ സംഭാഷണത്തിലൂടെ ഫൈസലിന്‍െറ നീക്കങ്ങള്‍ മനസ്സിലാക്കിയിരിക്കാമെന്നാണ് പൊലീസ് നിഗമനം. 

എന്നാല്‍, സംഭവത്തിന്‍െറ തലേദിവസം വൈകീട്ട് നാളെ ചിലത് സംഭവിക്കുമെന്ന് വിനോദിനോട് മാതൃസഹോദര പുത്രന്‍ സജീഷ് അറിയിച്ചിരുന്നത്രെ. ഇതുപ്രകാരം മൊബൈല്‍ ഫോണില്‍ പുലര്‍ച്ചെ നാലിന് അലാറം വെച്ച് വിനോദ് ഉണര്‍ന്നു. തുടര്‍ന്ന്, അഞ്ചരയോടെയാണ് ഫൈസല്‍ കൊല്ലപ്പെട്ട വിവരം വിനോദ് അറിയുന്നത്. മുഖ്യ പ്രതികള്‍ മൂന്ന് പേരുണ്ടെന്നും അവര്‍ ആരെല്ലാമാണെന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - faisal murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.