ഫൈസല്‍ വധം: പൊലീസ് അനാസ്ഥക്കെതിരെ  പ്രതിഷേധം ശക്തം

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ പൊലീസ് നടപടികള്‍ പരക്കെ പ്രതിഷേധത്തിനിടയാക്കുന്നു. നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ രണ്ടുമാസം കാത്തിരുന്ന ഫൈസലിന്‍െറ കുടുംബവും നാട്ടുകാരും പൊലീസ് അലംഭാവത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചു. ജനുവരി 19ന് കൊടിഞ്ഞിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനോടനുബന്ധിച്ച് നടക്കുന്ന ചെമ്മാട് ടൗണ്‍ ഉപരോധത്തില്‍ ഫൈസലിന്‍െറ ഉമ്മയും കുട്ടികളും പങ്കെടുക്കും.

പൊലീസ് അലംഭാവത്തിനെതിരെ പ്രതിഷേധം ശക്തമാണ്. സര്‍വകക്ഷി കമ്മിറ്റിക്ക് പുറമെ വിവിധ രാഷ്ട്രീയ കക്ഷികളും പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണകക്ഷിയായ സി.പി.ഐ അടക്കം രംഗത്തുവന്നിട്ടും പൊലീസ് ഉദാസീനത തുടരുകയാണ്. അന്വേഷണം മരവിച്ചതില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കിടയിലും പ്രതിഷേധമുണ്ട്. കഴിഞ്ഞ നവംബര്‍ 19നാണ് ഇസ്ലാം മതം സ്വീകരിച്ചതിന്‍െറ പേരില്‍ ഫൈസല്‍ കൊല്ലപ്പെട്ടത്. അറസ്റ്റിലായ 11 പ്രതികള്‍ക്ക് കഴിഞ്ഞദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു. പ്രധാന സൂത്രധാരകനായ തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണന്‍, വള്ളിക്കുന്ന് സ്വദേശി ജയകുമാര്‍, കൊലപാതകത്തില്‍ നേരിട്ട് പങ്കുവഹിച്ച വിപിന്‍ദാസ് എന്നിവരെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ആര്‍.എസ്.എസ് ബന്ധം മറനീക്കിയതോടെയാണ് അന്വേഷണം വഴിമുട്ടിയതെന്ന് ആക്ഷേപമുണ്ട്. 

അന്വേഷണ ചുമതലയുള്ള മലപ്പുറം ഡിവൈ.എസ്.പിക്കെതിരെ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റിയും സംഘടനകളും പരസ്യമായി രംഗത്തുവന്നിട്ടും അന്വേഷക സംഘത്തെ മാറ്റാനോ ശരിയായ ദിശയില്‍ മുന്നോട്ടുകൊണ്ടുപോകാനോ ജില്ല പൊലീസ് മേധാവി തയാറായില്ല. പ്രതികളെ നാട്ടുകാര്‍ പരിസരപ്രദേശങ്ങളില്‍ കണ്ട് പൊലീസില്‍ വിവരം നല്‍കിയിട്ടും പിടികൂടാനുള്ള നടപടിയില്ല. 

Tags:    
News Summary - faisal murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.