സ്വപ്നക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: ഉടൻ കുറ്റപത്രം നൽകാൻ പൊലീസ്

തിരുവനന്തപുരം: സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് നീക്കം. സ്പേസ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി വേഗത്തിലാക്കിയത്.

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും സംശയത്തിന്‍റെ നിഴലിലാക്കി സ്വപ്ന രംഗത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടി. ഇതോടൊപ്പം ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം വേഗത്തിലാക്കും. ഇതിന്‍റെ ഭാഗമായാണ് കേസിലെ പ്രതിയായ പി.എസ്. സരിത്തിനെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തത്.

യു.എ.ഇ കോൺസുലേറ്റിലെ ജോലി നഷ്ടപ്പെട്ടതിനെതുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്‍റെ ശിപാർശ പ്രകാരമാണ് ഐ.ടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ സ്വപ്നക്ക് ജോലി ലഭിച്ചത്. അതിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്. മുംബൈയിലെ ബാബാ സാഹിബ് അംബേദ്കർ സർവകലാശായില്‍നിന്ന് ബി.കോം ബിരുദം നേടിയതായുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന സ്പേസ് പാർക്കിൽ നിയമനം നേടിയത്.

സ്പേസ് പാർക്കിന്‍റെ കണ്‍സള്‍ട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറാണ് സ്വപ്നയെ തെരഞ്ഞെടുത്തത്. പ‍ഞ്ചാബ് സ്വദേശിയായ സച്ചിൻദാസാണ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബിലേക്ക് അന്വേഷണസംഘം ഉടൻ പോകും. അതിന് പിന്നാലെ കുറ്റപത്രം നൽകാനാണ് നീക്കം.

Tags:    
News Summary - Fake certificate case against Swapna: Police to file chargesheet soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.