തിരുവനന്തപുരം: സമൂഹത്തിെൻറ സമാധാനാന്തരീക്ഷം തകർക്കുന്നവിധത്തിൽ ‘മാധ്യമ’ത്തിനെതിരെ വിദ്വേഷ പ്രചാരണം ഉദ്ദേശിച്ച് അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ച ഒാൺലൈൻ മാധ്യമത്തിനെതിരെ തിരുവനന്തപുരം തമ്പാനൂർ പൊലീസ് കേസെടുത്തു.
മീഡിയവണ്ണും മാധ്യമവും അടച്ചുപൂട്ടൽ ഭീഷണിയിലെന്നും മുസ്ലിം ജീവനക്കാർക്കുമാത്രം രഹസ്യമായി കുറച്ച് ശമ്പളം നൽകുന്നതായി ഇതര മതക്കാർക്ക് ആക്ഷേപമെന്നും വാർത്ത പ്രസിദ്ധീകരിച്ച indusscrolls.com പത്രാധിപർക്കും ലേഖകനുമെതിരെ ഇന്ത്യൻ ശിക്ഷാനിയമം 504ാം വകുപ്പ്, കേരള പൊലീസ് ആക്ട് 120(ഒ) വകുപ്പ് എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
മാധ്യമം തിരുവനന്തപുരം ന്യൂസ് എഡിറ്ററും കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറുമായ കെ.പി. െറജിയുടെ പരാതിയിലാണ് പൊലീസ് നടപടി. മുസ്ലിം ജീവനക്കാർക്ക് മാത്രമായി ശമ്പളം നൽകുന്നെന്നും പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കൂടിയായ തിരുവനന്തപുരം ന്യൂസ് എഡിറ്റർക്ക് മൂന്നുമാസമായി ശമ്പളം കിട്ടിയിട്ടില്ലെന്നും മാർച്ച് എട്ടിനാണ് ഇൻഡസ് സ്ക്രോൾ വാർത്ത പ്രസിദ്ധീകരിച്ചത്.
പത്രസ്ഥാപനത്തിനെതിരെ അപകീർത്തികരമായ പ്രചാരണം നടത്തി പൊതുസമാധാനത്തിനു ഭംഗമുണ്ടാക്കുന്നവിധത്തിൽ ബോധപൂർവം പ്രകോപനമുണ്ടാക്കുന്ന പ്രവൃത്തിയാണിതെന്ന് എഫ്.െഎ.ആറിൽ പറയുന്നു. മതസ്പർധ വളർത്തുന്ന വാർത്തക്കെതിരെ മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ് സമർപ്പിച്ച പരാതിയിൽ നേരത്തേ കോഴിക്കോട് ചേവായൂർ പൊലീസും ഇൻഡസ് സ്ക്രോളിനെതിരെ കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.