മലപ്പുറം: ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വ്യാപകമായി വ്യാജ സിം കാർഡുകൾ ഉപയോഗിക്കുന്നതായി പൊലീസ്. അടുത്തിടെ റിപ്പോർട്ട് ചെയ്ത കേസുകളുടെ അന്വേഷണത്തിലാണ് പൊലീസ് വ്യാജ സിം കാർഡുകളെക്കുറിച്ചുള്ള തട്ടിപ്പുകൾ പെരുകുന്നതായി വ്യക്തമാക്കുന്നത്. വേങ്ങര സ്വദേശിയുടെ ഒരു കോടി രൂപ തട്ടിയെടുത്ത പരാതിയിൽ മലപ്പുറം സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ കർണാടകയിൽനിന്ന് അറസ്റ്റിലായ പ്രതിയിൽനിന്ന് 40,000ത്തോളം സിം കാർഡുകളാണ് പിടിച്ചെടുത്തത്. കർണാടകയിൽനിന്നാണ് ഇത്തരം സിം കാർഡുകൾ പിടിച്ചെടുത്തതെങ്കിലും കേരളമടക്കം രാജ്യമെമ്പാടും സമാനരീതിയിൽ വ്യാജ സിം കാർഡുകൾ ഉപയോഗിക്കുന്നതായി പൊലീസ് വ്യക്തമാക്കുന്നു.
സിം കാർഡ് എടുക്കുന്നതിനുവേണ്ടി മൊബൈൽ ഷോപ്പിൽ എത്തുന്ന സമയം ഉപഭോക്താവ് അറിയാതെ വിരലടയാളം രണ്ടോ മൂന്നോ പ്രാവശ്യം ബയോമെട്രിക്കിൽ പ്രസ് ചെയ്യിപ്പിച്ചാണ് വ്യാജ സിം കാർഡ് ഒപ്പിക്കുന്നത്. ഇത്തരത്തിൽ ആക്ടീവാകുന്ന സിം കാർഡുകൾ വ്യാപകമായി ഓൺലൈൻ തട്ടിപ്പുകൾക്കും മറ്റു കുറ്റകൃത്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. വേങ്ങര സ്വദേശിയെ കബളിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കർണാടക മഡിക്കേരിയിൽനിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ ഡൽഹി സ്വദേശി പ്രദേശത്തെ ജിയോ നെറ്റ്വർക്കിന്റെ ഡിസ്ട്രിബൂട്ടറായിരുന്നു.
പിടിയിലായ പ്രതി മൊബൈൽ ഷോപ്പിലെ സ്റ്റാഫ് വഴി ഒരു സിംകാർഡ് 50 രൂപ കൊടുത്തു വാങ്ങുന്നതാണ് പതിവ്. ഇതിനായി പ്രതി കള്ളപ്പേരിൽ വിവിധ മൊബൈൽ കമ്പനികളുടെ പി.ഒ.എസ് ആപ്ലിക്കേഷനുകൾ വിവിധ ആളുകളുടെ പേരിൽ കരസ്ഥമാക്കിയിരുന്നു. കൂടാതെ, വിവിധ റീട്ടെയിൽ ഷോപ്പുകളിൽനിന്ന് കൊറിയർ മുഖാന്തരവും പ്രതി സിം കാർഡ് കരസ്ഥമാക്കിയിരുന്നു.
സിം കാർഡുകൾ ആക്ടീവായതിനുശേഷം തട്ടിപ്പുകാർക്ക് ആവശ്യാനുസരണം സിം കാർഡ് കൈമാറ്റം ചെയ്യുകയായിരുന്നു രീതി. സമാന രീതിയിൽ നിരവധി തട്ടിപ്പുസംഘങ്ങൾക്ക് സിം കാർഡ് കൊടുക്കുന്ന സംഘങ്ങൾ രാജ്യമെമ്പാടും പ്രവർത്തിക്കുന്നതിനാൽ സിം കാർഡ് എടുക്കുമ്പോൾ ഇത്തരം തട്ടിപ്പുശ്രമങ്ങളിൽ ജാഗ്രത വേണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം, വേങ്ങര സ്വദേശിയുടെ ഒരു കോടി എട്ടു ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ കൂടുതൽ പേരെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.