കണ്ണൂരിൽ കള്ളവോട്ട്: സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ടി.വി രാജേഷ്

കണ്ണൂര്‍: കണ്ണൂരില്‍ യു.ഡി.എഫ് അനുഭാവികളായ ബി.എല്‍.ഒമാരെ വച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് ടി.വി രാജേഷ്. അതിന്റെ വ്യക്തമായ തെളിവാണ് കണ്ണൂര്‍ മണ്ഡലം 70ം നമ്പര്‍ ബൂത്തില്‍ നടന്നത്. ബി.എല്‍.ഒയുടെ നേതൃത്വത്തിലാണ് ഇവിടെ കള്ള വോട്ട് രേഖപ്പെടുത്തിയതെന്ന് രാജേഷ് പറഞ്ഞു. 

ടി.വി രാജേഷിന്റെ കുറിപ്പ്

യു.ഡി.എഫ് അനുഭാവികളായ ബി.എല്‍.ഒമാരെ വെച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അസൂത്രിത നീക്കമാണെന്നും അതിന്റെ വ്യക്തമായ തെളിവാണ് കണ്ണൂര്‍ അസംബ്ലി മണ്ഡലം 70ാം നമ്പര്‍ ബൂത്തില്‍ നടന്നത്. ബി.എല്‍.ഒ യുടെ നേതൃത്വത്തിലാണ് ഇവിടെ കള്ള വോട്ട് രേഖപ്പെടുത്തിയത്. ഈ കാര്യത്തില്‍ യു.ഡി.എഫ് നേതൃത്വം നിലപാട് വ്യക്തമാക്കണം. 85 വയസിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് വീട്ടില്‍ വെച്ച് വോട്ട് ചെയ്യുന്നതിനുള്ള പദ്ധതിയില്‍ ബി.എല്‍.ഒ മാരെ വെച്ച് ആസൂത്രിത ക്രമക്കേട് നടത്തി പരമാവധി വോട്ടുകള്‍ സമാഹരിക്കാതാണ് യുഡിഎഫ് തങ്ങളുടെ അനുകൂലികളായ ബി.എല്‍.ഒ മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

കണ്ണൂര്‍ അസംബ്ലി മണ്ഡലം 70 നമ്പര്‍ ബൂത്തില്‍ 1420 നമ്പര്‍ വോട്ടറായ 86 വയസ്സുള്ള കമലാക്ഷി. കെ., W/o കൃഷ്ണന്‍ വി.കെ എന്നവരെ കൊണ്ട് മറ്റൊരു ആളുടെ വോട്ട് ചെയ്യിപ്പിക്കാന്‍ ബി.എല്‍.ഒ നേതൃത്വം കൊടുത്തിരിക്കുകയാണ്. 15.04.2024 നു കമലാക്ഷി.കെ എന്നവരെ കൊണ്ട് വോട്ട് ചെയ്യിക്കാനെന്ന വ്യാജേന ഇതേ ബൂത്തിലെ 1148 നമ്പര്‍ വോട്ടറായ വി.കമലാക്ഷി, W/o ഗോവിന്ദന്‍ നായര്‍ 'കൃഷ്ണകൃപ' എന്ന പേരിലുള്ള വീട്ടിലേക്കാണ് ബി.എല്‍.ഒ ഗീത കൊണ്ടുപോയത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരെ മറ്റൊരു വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി വി കമലക്ഷിയുടെ വോട്ട് കെ കമലക്ഷിയെ കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു ബി.എല്‍.ഒ ഗീത.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരെ ബോധപൂര്‍വ്വം തെറ്റായി മറ്റൊരു വീട്ടിലേക്ക് നയിച്ചു കൊണ്ടുപോയി വോട്ടു ചെയ്യാനവകാശമില്ലാത്ത മറ്റൊരു സ്ത്രീ വോട്ടറെ കൊണ്ട് ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്യിക്കുകയാണ് ഉണ്ടായത്. യുഡിഎഫ് പ്രവര്‍ത്തകയായ ഗീത രാഷ്ട്രീയ താല്‍പര്യം വെച്ച് ആള്‍മാറാട്ടത്തിലൂടെ വ്യാജവോട്ട് ചെയ്യിപ്പിക്കുകയായിരുന്നു. യുഡിഎഫ് അനുഭാവികളായ ബി.എല്‍.ഒമാരെ ഉപയോഗപ്പെടുത്തി ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുല്‍സിത മാര്‍ഗ്ഗത്തിലൂടെ വ്യാപകമായി കള്ളവോട്ട് ചെയ്യാനുള്ള യുഡിഎഫിന്റെ ആസൂത്രിതമായ തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഭാഗമാണ് മേല്‍പറഞ്ഞ നടപടി.

യുഡിഎഫ് അനുഭാവികളായ ബി.എല്‍.ഒമാരുടെ യോഗം കണ്ണൂരിലെ സ്ഥാനാര്‍ത്ഥി നേരിട്ട് വിളിച്ചുച്ചേര്‍ത്തത് ഇതിന് വേണ്ടിയായിരുന്നു എന്ന സംശയം ശക്തമാവുകയാണ്. പരീക്ഷ എഴുത്താന്‍ പോയവരെയും ബന്ധുവീട്ടില്‍ പോയവരെയും നാട്ടില്ലില്ലാത്തവരുടെ ലിസ്റ്റില്‍പ്പെടുത്തി നല്‍കുകയാണ് യുഡിഎഫ്. ഇത് നാട്ടില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കമാണ്. 85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സൗകര്യത്തെയും ആസൂത്രിതമായ വ്യാജ വോട്ട് ചെയ്യിപ്പിക്കാനായി ഉപയോഗിക്കുകയാണ് യുഡിഎഫ്. ബി.എല്‍.ഒ തന്നെ കള്ളവോട്ടിന് നേതൃത്വം നല്‍കിയത് ഞെട്ടിപ്പിക്കുന്നതാണ്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം.

Tags:    
News Summary - Fake vote in Kannur: TV Rajesh wants a thorough investigation into the incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.