ചങ്ങരംകുളം (മലപ്പുറം): സഹോദരനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി വ്യാജ പീഡന പരാതി നൽകാൻ കാരണം സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദങ്ങള്‍ സ്ഥാപിച്ചത് ചോദ്യംചെയ്തതിലുള്ള പ്രതികാരമെന്ന്. ഓണ്‍ലൈന്‍ ക്ലാസിനായി വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണില്‍ സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദങ്ങള്‍ സ്ഥാപിച്ചത് സഹോദരൻ ചോദ്യം ചെയ്തിരുന്നു. തുടർന്നായിരുന്നു പരാതി. ചങ്ങരംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സിനിമാ കഥയെ വെല്ലുന്ന സംഭവം.
പ്രായപൂര്‍ത്തിയാകാത്ത തന്നെ സഹോദരന്‍ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി ചങ്ങരംകുളം പൊലീസിന് നല്‍കിയ പരാതിയിൽ പറയുന്നത്. എന്നാല്‍ പെൺകുട്ടിയുടെ മൊഴികളിൽ സംശയം തോന്നിയതിനെ തുടര്‍ന്ന് ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്‍റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് പരാതിയുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ കാരണമായത്.
സ്‌കൂള്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായാണ് സഹോദരൻ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയത്. എന്നാല്‍, സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടി സൗഹൃദങ്ങള്‍ സ്ഥാപിക്കുന്നത് ഇഷ്ടമാകാത്ത സഹോദരന്‍ പെണ്‍കുട്ടിയെ ശകാരിക്കുകയും തുടർന്ന് വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയുകയും ചെയ്തു. ഇതാണ് സഹോദരനെതിരെ വ്യാജ പീഡന പരാതിയുമായി ചൈല്‍ഡ് ലൈനിനെ സമീപിക്കാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതത്രെ.
ചൈല്‍ഡ് ലൈനില്‍ നിന്ന് കേസ് പൊലീസിന് കൈമാറുകയായിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സി.ഐ ബഷീർ ചിറക്കലിനായിരുന്നു അന്വേഷണ ചുമതല. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ കേസെടുത്ത് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ വൈരുധ്യം കണ്ടെത്തിയതോടെയാണ് സൈക്കോളജിസ്റ്റിൻ്റെ സഹായം തേടാന്‍ തീരുമാനിച്ചതെന്ന് സി.ഐ പറഞ്ഞു. വൈദ്യപരിശോധന നടത്തിയപ്പോള്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിയുകയും ചെയ്തു.
തുടര്‍ന്ന് മനഃശാസ്ത്ര വിദഗ്ധന്‍റെ സഹായത്തോടെ നടത്തിയ കൗണ്‍സിലിങ്ങിലാണ് സംഭവത്തിന്‍റെ യഥാര്‍ഥ വിവരങ്ങള്‍ പെണ്‍കുട്ടി തുറന്നു പറയുന്നത്. ഇത്തരത്തില്‍ വ്യാജ പരാതികള്‍ ധാരാളം വരുന്നതിനാലാണ് ശാസ്ത്രീയമായി കേസ് അന്വേഷിക്കാന്‍ തീരുമാനിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.