കോഴിക്കോട്: കെ.എസ്.ഇ.ബിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് തിരുവമ്പാടിയിലെ കുടുംബം അറിയിച്ചു. പ്രതികാര മനോഭാവത്തോടെയാണ് കെ.എസ്.ഇ.ബി പെരുമാറിയതെന്നും തിരുവമ്പാടി ഓഫീസിലെ ഏതാനും പേർക്കാണ് പ്രശ്നമെന്നും കെ.എസ്.ഇ.ബി ഓഫിസ് ആക്രമണ കേസിൽ റിമാൻഡിലുള്ള യുവാക്കളുടെ മാതാവ് മറിയം പ്രതികരിച്ചു. കെ.എസ്.ഇ.ബി നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തിയെന്നം കള്ളനാക്കിയെന്നും പിതാവ് റസാഖ് പറഞ്ഞു.
തിരുവമ്പാടി ഉള്ളാട്ടിൽ യു.സി. അബ്ദുറസാഖിന്റെ വീട്ടിലെ വൈദ്യുതി ബന്ധം ഇന്നലെ രാത്രി പുനഃസ്ഥാപിച്ചിരുന്നു. അബ്ദുറസാഖിന്റെ മക്കളായയു.സി. അജ്മൽ, യു.സി. ഷഹദാദ് എന്നിവരാണ് കെ.എസ്.ഇ.ബി ഓഫിസ് ആക്രമണ കേസിൽ റിമാൻഡിലുള്ളത്. അജ്മലും ഷഹദാദും സെക്ഷൻ ഓഫിസ് ആക്രമിച്ചെന്ന കാരണം പറഞ്ഞാണ് ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ കെ.എസ്.ഇ.ബി അധികൃതർ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.
സംഭവം വിവാദമായെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ന്യായീകരിച്ചിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാർക്ക് സുരക്ഷാ ഭീഷണി ഉള്ളതിനാലാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാത്തതെന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചാൽ മാത്രമേ അകത്തേക്ക് പ്രവേശിക്കൂവെന്ന തീരുമാനമാനവുമായി അബ്ദുറസാഖും ഭാര്യ മറിയയും വീടിന്റെ വരാന്തയിൽ കുത്തിയിരുന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിന്തുണയുമായെത്തി. ഞായറാഴ്ച ഉച്ചയോടെ തിരുവമ്പാടിയിൽ പ്രതിഷേധം ശക്തമായതോടെ ജീവനക്കാരെ ആക്രമിക്കില്ലെന്ന് വീട്ടുകാർ ഉറപ്പുനൽകിയാൽ വൈദ്യുതി പുനഃസ്ഥാപിക്കാമെന്ന് മന്ത്രി ഉറപ്പുനൽകുകയായിരുന്നു.
ഇന്നലെ വൈകീട്ട് ആറരയോടെ താമരശ്ശേരി തഹസിൽദാർ കെ.എ. ഹരീഷ്, ഡെപ്യൂട്ടി തഹസിൽദാർ പി. ഹരികൃഷ്ണ ശർമ, കെ.എസ്.ഇ.ബി അസി എക്സി. എൻജീനിയർ ആർ. ശിവകുമാർ എന്നിവർ തിരുവമ്പാടി പൊലീസ് സ്റ്റേഷന് സമീപത്തെ വീട്ടിലെത്തി. ജീവനക്കാരെ ആക്രമിക്കില്ലെന്നും പ്രതികാര നടപടി സ്വീകരിക്കില്ലെന്നുമുള്ള സത്യവാങ്മൂലം യു.സി. അബ്ദു റസാഖ് നൽകണമെന്ന നിർദേശവുമായാണ് ഉദ്യോഗസ്ഥരെത്തിയത്. എന്നാൽ, സത്യവാങ്മൂലത്തിൽ ഒപ്പിടാൻ അബ്ദുറസാഖ് തയാറായില്ല. ഇതോടെ, തഹസിദാർ ജില്ല കലക്ടറെ ബന്ധപ്പെട്ടു. തുടർന്ന് 7.45ഓടെ സത്യവാങ്മൂലം ഒപ്പിടാതെതന്നെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാമെന്ന വിവരം ഉദ്യോഗസ്ഥരെ അറിയിച്ചു. 8.35ഓടെ തിരുവമ്പാടി കെ.എസ്.ഇ.ബി എക്സി. എൻജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വീട്ടിലെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.