ആലുവ: സാമൂഹ്യ വിരുദ്ധരും മയക്കുമരുന്ന് മാഫിയയും തമ്പടിക്കുന്നതിനാൽ 'പ്രേമം പാലം' എന്നറിയപ്പെടുന്ന ആലുവയിലെ അക്വാഡക്ട് പാലം അടച്ചു. പെരിയാർവാലി ജലസേചന പദ്ധതിയുടെ നീർപാലമായ ഇതലൂടെയുള്ള സഞ്ചാരം പെരിയാർവാലി അധികൃതരാണ് തടഞ്ഞത്. പാലത്തിലേക്ക് കയറുന്ന വഴികളെല്ലാം അടച്ചുകൊണ്ട് ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിക്കുകയും ചെയ്തു.
പാലത്തിൽ സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്ന് മാഫിയയുടെയും സാന്നിധ്യം സമീപപ്രദേശങ്ങളിലെ ജനങ്ങൾക്ക് ശല്യമായി മാറിയിരുന്നു. ഇതുമൂലം പ്രദേശവാസികളുടെ അഭ്യർഥനപ്രകാരമാണ് പാലം ശനിയാഴ്ച അടച്ചത്.
ആലുവ മാർക്കറ്റിന് പിറകുവശത്ത് നിന്ന് പെരിയാറിന് മുകളിലൂടെയാണ് പാലം തുടങ്ങുന്നത്. പുഴകഴിഞ്ഞും കുഞ്ഞുണ്ണിക്കര, തോട്ടക്കാട്ടുകര പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന നീർപാലം താഴ്ഭാഗത്തെ കലാലിൽ എത്തും. 50 വർഷം മുൻപ് പറവൂർ, ആലങ്ങാട് മേഖലകളിലേക്ക് പെരിയാർ വാലി കനാലിൽ നിന്ന് കൃഷിക്ക് വെള്ളം കൊണ്ടുപോകാൻ വേണ്ടിയാണ് നീർപാലം നിർമിച്ചത്. പിന്നീട് ഉളിയന്നൂർ കുഞ്ഞുണ്ണിക്കര ദ്വീപിലെ വാഹന സൗകര്യത്തിനു വേണ്ടി ചില മാറ്റങ്ങൾ വരുത്തി ഇതിലെ വാഹന സൗകര്യം ആരംഭിച്ചു. വർഷങ്ങൾക്കുശേഷം ഉളിയന്നൂരിൽ പുതിയ പാലം നിർമിച്ചതോടെ ഇതുവഴിയുള്ള സഞ്ചാരം കുറഞ്ഞു.
പിന്നീട്, നടൻ നിവിൻ പോളി നായകനായി അൽഫോൻസ് പുത്രന്‍റെ സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ 'പ്രേമം' സിനിമയിൽ ഈ പാലം പശ്ചാത്തലമായതോടെയാണ് വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ പാലത്തിലേക്ക് വരാൻ ആരംഭിച്ചു. കമിതാക്കളുടെ എണ്ണം കൂടിയത് ശല്യമാകുന്നുവെന്ന് നാട്ടുകാർ പരാതി പറഞ്ഞിരുന്നു. പിന്നാലെ ലഹരി ഇടപാടുകാരും ഇവിടം താവളമാക്കി. ഇതോടെ പാലം നാട്ടുകാർക്ക് തലവേദനയായി മാറി.
ഇതുസംബന്ധിച്ച് നവ കേരള സദസ്സിൽ നാട്ടുകാരും സി.പി.ഐ പ്രവർത്തകരും ഒപ്പ് ശേഖരണം നടത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.