തിരുവനന്തപുരം: കർഷക പെൻഷൻ വിതരണത്തിലെ അപാകതകളിൽ നടപടി സ്വീകരിക്കാൻ ഉത്തരവ്. ഓഡിറ്റ് തടസ്സവാദം ഉന്നയിച്ചത് സംബന്ധിച്ച് ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോർട്ടിലെ ശുപാർശകൾ അംഗീകരിച്ചാണ് കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. കേൽക്കർ ഉത്തരവിറക്കിയത്.
തൃശൂർ ജില്ല ധനകാര്യ പരിശോധന വിഭാഗം പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ കാര്യാലയത്തിലും വിവിധ കൃഷിഭവനുകളിലും നടത്തിയ പരിശോധനയിൽ ക്രമവിരുദ്ധമായി പെൻഷൻ വിതരണം ചെയ്തത് കണ്ടെത്തിയിരുന്നു. അത് സംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാൻ ജനുവരി 22ന് ഉത്തരവിട്ടത്.
ഉത്തരവിലെ നിർദേശങ്ങൾ:
- 2012 ഫെബ്രുവരി 13നോ അതിന് മുമ്പോ 60 വയസ്സ് പൂർത്തിയാക്കിയ ചെറുകിട നാമമാത്ര കർഷകർക്ക് ജൂൺ 15നോ അതിന് മുമ്പോ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഉത്തരവ് തീയതി അടിസ്ഥാനമാക്കി മുൻകാല പ്രാബല്യത്തിൽ കർഷക പെൻഷൻ നൽകാവുന്നതാണെന്ന രീതിയിൽ കൃഷി വകുപ്പ് ഉത്തരവ് ഭേദഗതി ചെയ്യണം.
- 60 വയസ്സ് പൂർത്തിയാകുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ ഏതെങ്കിലും കർഷകർക്ക് പെൻഷൻ വിതരണം ചെയ്തിട്ടുണ്ടെങ്കിൽ ആ തുകയുടെ 18 ശതമാനം പലിശ സഹിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് തിരിച്ചുപിടിക്കണം.
- ചെറുകിട നാമമാത്ര കർഷകരിൽനിന്നും ഈടാക്കിയ മെമ്പർഷിപ്പ്, രജിസ്ട്രേഷൻ ഫീസിന്‍റെ വരവ്, ഒടുക്കൽ, വിനിയോഗം എന്നിവ സംബന്ധിച്ചും മരണപ്പെട്ട ഗുണഭോക്താക്കളായ പെൻഷൻകാർക്ക് മരണശേഷവും പെൻഷൻ തുക അനുവദിച്ചു നൽകിയത് സംബന്ധിച്ചും കൃഷിവകുപ്പിന്‍റെ സ്പെഷൽ വിജിലൻസ് വിഭാഗം വഴി സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തി കൃഷി ഡയറക്ടർ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കണം.
- ജില്ല ധനകാര്യ പരിശോധനാ വിഭാഗം എടത്തുരുത്തി, മടക്കത്തറ കൃഷിഭവനുകളിൽ നടത്തിയ പരിശോധനകളിൽ, ഗുണഭോക്താക്കൾ മരണപ്പെട്ട ശേഷവും പെൻഷൻ വിതരണം നടത്തിയതായി കണ്ടെത്തിയ സാഹചര്യത്തിൽ മരണശേഷവും എന്നാൽ, തൊട്ടടുത്ത വാർഷിക മസ്റ്ററിങിന് മുമ്പും കൈപ്പറ്റിയ പെൻഷൻതുക കണക്കാക്കി ഗുണഭോക്താവിന്‍റെ അനന്തരാവകാശികളിൽനിന്ന് തിരിച്ചുപിടിക്കാനും വാർഷിക മസ്റ്ററിങിന് ശേഷവും പെൻഷൻ തുടർന്ന് നൽകിയ കേസുകളിൽ തുക കണക്കാക്കി വിതരണം ചെയ്ത ഉദ്യോഗസ്ഥരിൽനിന്ന് 18 ശതമാനം പലിശ സഹിതം ഈടാക്കാനും നടപടി ഡയറക്ടർ സ്വീകരിക്കണം.
- ആഭ്യന്തര ഓഡിറ്റ് വിഭാഗത്തിന്‍റെ ഓഡിറ്റ് തടസ്സവാദത്തിൽ സർക്കാർ ഉത്തരവിലെ വ്യക്തത ഇല്ലായ്മ മൂലം 2012 ജൂൺ 15 വരെ അപേക്ഷിച്ച കർഷകർക്ക് മാർച്ച്, ഏപ്രിൽ മാസത്തെ മുൻകാല പ്രാബല്യത്തോടെ പെൻഷൻ കൊടുത്തിട്ടുണ്ട്. നിർവഹണ ഉദ്യോഗസ്ഥർക്കെതിരെ സാമ്പത്തികബാധ്യത പരാമർശിച്ചിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കണം. എന്നാൽ, ജൂൺ 15ന് ശേഷം സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമായി പെൻഷൻ അനുവദിച്ച് നൽകിയ നിർവഹണ ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ഓഡിറ്റ് പരാമർശം നിലനിൽക്കും. അതിനാൽ അനന്തര നടപടി ഡയറക്ടർ കൈക്കൊള്ളണം.
- കൃഷിവകുപ്പിലെ ആഭ്യന്തര പരിശോധനാ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം ധനകാര്യ വകുപ്പ് മുഖേന നൽകണം. ഓഡിറ്റ് സമയബന്ധിതവും കാര്യക്ഷമമായും പൂർത്തീകരിക്കാൻ വകുപ്പിലെ സീനിയർ ഫിനാൻസ് ഓഫിസർ മേൽനോട്ടം വഹിക്കണം. ഇക്കാര്യം ഡയറക്ടർ ഉറപ്പാക്കണം.
- സർവിസിൽനിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥർ അവരവർ അവസാനത്തെ മൂന്നു വർഷം ജോലി നോക്കുന്ന സ്ഥലങ്ങളിൽ എൻ.എൽ.സി വാങ്ങിയാൽ മതിയെന്നും സമയബന്ധിതമായി ഓഡിറ്റ് ജോലികൾ ചെയ്ത് തീർക്കുന്ന നടപടി സ്വീകരിക്കണമെന്നും നിർദേശിച്ച (2020 നവംബർ 23ലെ) ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഡയറക്ടർ ഉറപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.