ഫാറൂഖ് കോളജിൽ വിദ്യാർഥികളും അധ്യാപകരും തമ്മിൽ സംഘർഷം; ആറു പേർക്ക്​ പരിക്ക്

ഫറോക്ക് (കോഴിക്കോട്​): ഫാറൂഖ് കോളജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥികൾ പരീക്ഷ കഴിഞ്ഞ്​ കാമ്പസിൽ ഹോളി ആഘോഷിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അഞ്ച്​ വിദ്യാർഥികൾക്കും ഒരു ജീവനക്കാരനും പരിക്കേറ്റു. അധ്യാപകരുടെയും അനധ്യാപകരുടെയും മർദനത്തിൽ പരിക്കേറ്റ കോമേഴ്സ് വിഭാഗം വിദ്യാർഥികളായ ഷഹീൻ, ഷബാബ്, ബി.ബി.എ വിദ്യാർഥി ഫഹ്​മിൻ എന്നിവരെ മെഡിക്കൽ കോളജ്​ ആശുപത്രിയിലും ഇകണോമിക്സ് വിദ്യാർഥി അനീഷ്, സ്​റ്റാറ്റിസ്​റ്റിക്സ് വിദ്യാർഥി അജ്ഹദ്  എന്നിവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദ്യാർഥികളുടെ  കാറിടിച്ച് പരിക്കേറ്റ ലബോറട്ടറി അസിസ്​റ്റൻറ് എ.പി. ഇബ്രാഹിം കുട്ടിയെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ച രണ്ടരയോടെയാണ് സംഭവം. 

ഫാറൂഖ് കോളജിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ അനീസ് ബീച്ച് ആശുപത്രിയിൽ
 

ഡിഗ്രി രണ്ടാംവർഷ വിദ്യാർഥികളുടെ അവസാന പരീക്ഷയായിരുന്നു വ്യാഴാഴ്ച. പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾ കാമ്പസിനുള്ളിൽ  ഹോളി ആഘോഷിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. കാമ്പസിനകത്ത് ആഘോഷങ്ങൾക്ക് വിലക്കുള്ളതിനാൽ പുറത്ത് നടത്താൻ പൊലീസിൽനിന്ന്​ മുൻകൂർ അനുവാദം വാങ്ങിയതായി വിദ്യാർഥികൾ പറഞ്ഞു. ഇതുപ്രകാരം ഹോളി ആഘോഷിക്കാനെത്തിയപ്പോൾ പൊലീസ് തടഞ്ഞു. നാട്ടുകാരുടെ പരാതിയുള്ളതിനാൽ കാമ്പസിന്​ പുറത്ത് ആഘോഷം അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.  ഇതേത്തുടർന്ന് വിദ്യാർഥികൾ കാമ്പസിൽ കയറി ആഘോഷം നടത്തിയപ്പോൾ അധ്യാപകരും അനധ്യാപകരും എതിർത്തു. തുടർന്നുണ്ടായ സംഘർഷത്തിലാണ് ജീവനക്കാരനും വിദ്യാർഥികൾക്കും പരിക്കേറ്റത്. കാമ്പസിൽനിന്ന്​ പുറത്തെടുക്കുന്നതിനിടയിലാണ് കാർ ഇടിച്ച്​ ഇബ്രാഹിംകുട്ടിക്ക് പരിക്കേറ്റത്. ഇതോടെ ക്ഷുഭിതരായ ജീവനക്കാരും അധ്യാപകരും വിദ്യാർഥികൾക്കുനേരെ തിരിയുകയായിരുന്നു.  

വിദ്യാർഥികൾ കാറിടിപ്പിച്ചതിനെ തുടർന്ന് പരിക്കേറ്റ ജീവനക്കാരൻ ഇബ്രാഹിം കുട്ടി
 

നേര​േത്ത കാമ്പസിന്​ പുറത്ത് പൊലീസ് നിലയുറപ്പിച്ചിരുന്നെങ്കിലും വിദ്യാർഥികൾ കാമ്പസിനുള്ളിൽ ആഘോഷം നടത്തുന്നതിനാൽ പൊലീസ് പിൻവലിഞ്ഞിരുന്നു. ഒരാഴ്ച മുമ്പ് മൂന്നാം വർഷ ഡിഗ്രി വിദ്യാർഥികളുടെ ഹോളി ആഘോഷം കാമ്പസിന്​ പുറത്ത് അതിരുവിട്ടിരുന്നു. ഇതേത്തുടർന്ന് നാട്ടുകാർ സംഘടിച്ച് കഴിഞ്ഞ ദിവസം ജാഗ്രത സമിതി രൂപവത്​കരിച്ചു. കാമ്പസിന്​ പുറത്ത് ആഘോഷങ്ങൾ അനുവദിക്കില്ലെന്ന് ജാഗ്രത സമിതിയും വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ ഫറോക്ക് പൊലീസ് കേസെടുത്തു. 

Tags:    
News Summary - Farook College Teachers and Students Fights - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.