കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിലെ എട്ടാം പ്രതിയും സി.പി.എം നേതാവുമായ കാരായി രാജന് തിരുവനന്തപുരത്ത് താമസിക്കാൻ കോടതി അനുമതി. എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥയിൽ താൽക്കാലിക ഇളവ് അനുവദിച്ചാണ് എറണാകുളം പ്രത്യേക സി.ബി.െഎ കോടതി നടപടി.
സി.പി.എം നിയന്ത്രണത്തിലുള്ള ‘ചിന്ത’ പബ്ലിക്കേഷനിൽ പ്രൂഫ് റീഡറായി ജോലിയിൽ പ്രവേശിക്കുന്നതിന് തിരുവനന്തപുരത്തേക്ക് പോകാൻ അനുമതി തേടി കാരായി രാജൻ നൽകിയ അപേക്ഷ പരിഗണിച്ചാണിത്. അപേക്ഷ സി.ബി.െഎ എതിർക്കാത്തതിനാൽ ജില്ല വിട്ടുപോകാൻ കോടതി ഉപാധികളോടെ അനുമതി നൽകുകയായിരുന്നു. തിരുവനന്തപുരത്തെ താമസസ്ഥലം സംബന്ധിച്ച വിശദാംങ്ങൾ കോടതിയെ അറിയിക്കണം, താമസസ്ഥലത്തിന് സമീപമുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം തുടങ്ങിയ നിർദേശങ്ങളോടെയാണ് ജാമ്യവ്യവസ്ഥയിൽ ഇളവു നൽകിയത്. നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകണമെന്നും വ്യവസ്ഥയുണ്ട്.
അറസ്റ്റിലായി ജാമ്യം ലഭിച്ചെങ്കിലും കാരായി രാജനും കാരായി ചന്ദ്രശേഖരനും എറണാകുളം ജില്ല വിട്ടുപോകുന്നത് കോടതി വിലക്കിയിരുന്നു. ഇതിനിടെ, 2015ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ച കാരായി രാജനെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുത്തെങ്കിലും എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ റദ്ദാക്കണമെന്ന ഹരജി ഹൈകോടതി തള്ളിയതോടെ രാജിവെക്കേണ്ടിവന്നിരുന്നു. കേസിലെ യഥാർഥ പ്രതികൾ ആർ.എസ്.എസ് പ്രവർത്തകരാണെന്ന വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ ഫസലിെൻറ സഹോദരൻ നൽകിയ ഹരജി കോടതിയുടെ പരിഗണനയിലാണ്. താനും മറ്റു ആർ.എസ്.എസ് പ്രവർത്തകരും ചേർന്നാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന് ആർ.എസ്.എസ് പ്രവർത്തകനായ സുബീഷാണ് മാസങ്ങൾക്കുമുമ്പ് പൊലീസിനോട് വെളിപ്പെടുത്തിയത്. 2006 ഒക്ടോബറിലാണ് എൻ.ഡി.എഫ് പ്രവർത്തകനായ തലശ്ശേരി മാഠപീടികയിൽ ഫസൽ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.