കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കമ്പനിയിലെ മുഴുവൻ ഡയറക്ടർമാരെയും പ്രതികളാക്കി. മുസ്‍ലിംലീഗ് നേതാവ് മുൻ എം.എൽ.എ എം.സി. കമറുദ്ദീൻ ഉൾെപ്പടെ 20 ഡയറക്ടർമാരിൽ 17 പേരെ കൂടി പ്രതിചേർത്ത് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി.
ഉദിനൂർ അബ്ദുൽ റസാഖ്, മുഹമ്മദ് കുഞ്ഞി, മാഹിൻകുട്ടി മുഹമ്മദ് മേൽപറമ്പ്, എസ്.എം. അഷ്റഫ്, ഐദിദ് കൊയിലാണ്ടി, മുഹമ്മദ് കുഞ്ഞി അഞ്ചില്ലത്ത്, എ.ടി.പി. അബ്ദുൽ ഹമീദ് തളിപ്പറമ്പ്, കപണയിൽ സൈനുദ്ദീൻ, സി.പി. ഖദീജ തളിപ്പറമ്പ്, കെ.വി. നിയാസ് വെള്ളയിൽ, പുതിയപുരയിൽ അബ്ദുൽ റഷീദ്, അനീഫ തായിലകണ്ടി, പി.സി. മുഹമ്മദ്, ഇ.എം. അബ്ദുൽ അസീസ് തുരുത്തി, അച്ചാര പാട്ടിൽ ഇഷ, സി.പി. കുഞ്ഞബ്ദുല്ല ഒഴിഞ്ഞവളപ്പ്, അബ്ദുൽ അസീസ് മേൽപറമ്പ് എന്നിവരെയാണ് പ്രതിചേർത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. പ്രതികളിൽ ഒരാൾ മരിച്ചു. അധികപേരും വിദേശത്താണ്. ചെയർമാൻ എം.സി. കമറുദ്ദീൻ, എം.ഡി. പൂക്കോയ തങ്ങൾ, മുഹമ്മദ് ഇഷാം എന്നിവരെയും മാനേജർ സൈനുൽ ആബിദിനെയും നേരത്തേ പ്രതിചേർത്തിരുന്നു. 168 കേസുകളാണുള്ളത്.
പരാതിക്കാർ പണം കൊടുത്തുവെന്ന് പറയുന്ന തീയതികളിൽ ആരൊക്കെയാണോ ഡയറക്ടർമാർ അവരെയാണ് പ്രതിചേർത്തതെന്ന് ഡിവൈ.എസ്.പി സുനിൽകുമാർ പറഞ്ഞു. ഫാഷൻ ഗോൾഡിനു പുറമെ ഖമർ ഗോൾഡ്, നുജൂം ഗോൾഡ്, ഫാഷൻ ഗോൾഡ് ഓർണമെന്റ്സ് എന്നീ കമ്പനികളുടെ കേസുകൾ വേറെയുണ്ട്. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എം.സി. കമറുദ്ദീൻ ഫാഷൻ ഗോൾഡ് കേസിൽ 2020 നവംബറിൽ അറസ്റ്റിലായി. 800ഓളം പരാതികളാണുണ്ടായത്. രണ്ട് പരാതി മാത്രമാണ് ഖമറുദ്ദീന് എതിരെയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.