കാസർകോട്: 168 കേസുകളിലായി അന്വേഷണം നടക്കുന്ന ഫാഷൻഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ അഞ്ച് കുറ്റപത്രം സമർപ്പിച്ചു. ആദ്യ കുറ്റപത്രം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.വി. അനിൽ കുമാറിന്റെ നേതൃത്വത്തിൽ കാസർകോട് ജില്ല സെഷൻസ് കോടതി(എ.ഡി.സി -മൂന്ന്)യിലും നാലെണ്ണം തലശ്ശേരി കോടതിയിലുമാണ് സമർപ്പിച്ചത്.
1050 പേജുള്ള ആദ്യ കുറ്റപത്രത്തിൽ ചെറുവത്തൂർ ഫാഷൻ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഒന്നാം പ്രതി. മുൻ എം.എൽ.എ എം.സി. ഖമറുദ്ദീൻ രണ്ടാം പ്രതിയും മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങൾ മൂന്നാം പ്രതിയും ജനറൽ മാനേജർ സൈനുൽ ആബിദ് നാലാം പ്രതിയും തങ്ങളുടെ മകൻ ഇഷാം അഞ്ചാം പ്രതിയുമാണ്. നിക്ഷേപം സ്വീകരിച്ച കാലത്തെ ഡയറക്ടർമാരാണ് തുടർന്ന് ഒമ്പതു വരെ പ്രതികൾ.
ഇതിൽ ഇഷാം ഒഴികെയുള്ള പ്രതികൾ അറസ്റ്റിലാവുകയോ മുൻകൂർ ജാമ്യം നേടുകയോ ചെയ്തിട്ടുണ്ട്. 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ആദ്യ കേസിലെ ഒമ്പത് പ്രതികൾ ഉൾപ്പെടെ 30 പ്രതികളാണ് തലശ്ശേരി കോടതിയിൽ സമർപ്പിച്ച നാല് കേസുകളിലായി ഉള്ളത്. 15 കേസുകളിൽ കുറ്റപത്രം ഒരുങ്ങിയിട്ടുണ്ട്. ബാക്കി കുറ്റപത്രങ്ങൾ ബുധനാഴ്ച നൽകും.
കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി പി.പി. സദാനന്ദന്റെ റിപ്പോർട്ടിന്മേൽ അഡീഷനൽ ചീഫ് സെക്രട്ടറി സജയ് എം. കൗളിന്റെ ഉത്തരവ് പ്രകാരം കണ്ടുകെട്ടിയ നടപടിക്ക് സ്ഥിരീകരണം ലഭിക്കുന്നതിന് കണ്ണൂർ ജില്ല കലക്ടർ തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയിൽ (നാല്) അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ഫാഷൻ ഗോൾഡ് കമ്പനികളായ ഫാഷൻ ഗോൾഡ് ഇൻറർനാഷനൽ, ഖമർ ഗോൾഡ്, നുജൂം ഗോൾഡ്, ഫാഷൻ ഓർണമെൻസ് എന്നിവയാണ് കേസിലുൾപ്പെട്ട കമ്പനികൾ. ബാക്കി കേസുകളിൽ കൂടി രണ്ടുമാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് എസ്.പി പി.പി. സദാനന്ദൻ പറഞ്ഞു. ഡിവൈ.എസ്.പി എം.വി. അനിൽകുമാറിന് പുറമെ പ്രദീപൻ കണ്ണിപൊയിൽ, എം. കൃഷ്ണൻ എന്നിവരാണ് മേൽനോട്ടം വഹിച്ച മറ്റ് ഡിവൈ.എസ്.പിമാർ. ഇൻസ്പെക്ടർ ഹരീന്ദ്രൻ, പ്രശാന്ത്, രാജഗോപാൽ, ചന്ദ്രരാജൻ എന്നിവരാണ് ചെറുവത്തൂർ കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.