തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ തുറമുഖ നിർമാണത്തിനെതിരെ മത്സ്യത്തൊഴിലാളി സമൂഹം നടത്തിവന്ന 12 മണിക്കൂർ റിലേ ഉപവാസ സമരം 24 മണിക്കൂർ ഉപവാസ സമരമാക്കി മാറ്റുന്നു. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ മൂന്നുവരെ തുറമുഖ കവാടത്തിൽ 24 മണിക്കൂർ ഉപവാസസമരം സംഘടിപ്പിക്കുമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേര വാർത്തസമ്മേളനത്തിൽ അറിയിച്ചു. തുറമുഖ നിർമാണം നിർത്തിവെച്ച് തീരദേശ സമൂഹ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തി ആഘാതപഠനത്തിന് തയാറാവുക ഉൾപ്പെടെ ഏഴ് ആവശ്യം ഉന്നയിച്ചാണ് സമരം. കൊച്ചി കൂടാതെ മുതലപ്പൊഴി തുറമുഖം, കൊല്ലം തുറമുഖം എന്നിവ കേന്ദ്രീകരിച്ചും സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂലമ്പള്ളിയിൽ കുടിയൊഴിക്കപ്പെട്ടവരുടെ സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് സെപ്റ്റംബർ 14ന് ആരംഭിച്ച ജനബോധന യാത്ര ഞായറാഴ്ച എട്ടിന് അഞ്ചുതെങ്ങിൽ എത്തും. പെരുമാതുറ, മരിയനാട്, തുമ്പ, വെട്ടുകാട്, വലിയതുറ, ബീമാപള്ളി, പൂന്തുറ തീരദേശങ്ങളിലൂടെ കടന്നുപോകുന്ന ജാഥ ഉച്ചക്ക് 2.30ഓടെ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് എത്തിച്ചേരും. മൂന്നിന് അവിടെനിന്ന് ആരംഭിക്കുന്ന ബഹുജന റാലി മുൻ ആർച്ച് ബിഷപ് സൂസപാക്യം ഫ്ലാഗ്ഓഫ് ചെയ്യും. അഞ്ചിന് വിഴിഞ്ഞം വാണിജ്യ തുറമുഖത്തിൽ എത്തും. തുടർന്ന് ചേരുന്ന പൊതുസമ്മേളനം പ്രശാന്ത് ഭൂഷൺ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.