ചളിവെള്ളം തെറിപ്പിച്ചതിൽ തർക്കം; കൊച്ചിയിൽ അച്ഛനെയും മകനെയും കാറിനൊപ്പം വലിച്ചിഴച്ചു

കൊച്ചി: ദേഹത്ത് ചളിവെള്ളം തെറിപ്പിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് അച്ഛനെയും മകനെയും കാറിനൊപ്പം വലിച്ചിഴച്ചതായി പരാതി. എറണാകുളം ചിറ്റൂർ ഫെറിക്ക് സമീപം കുട്ടിസാഹിബ് റോഡിൽ ഞായറാഴ്ചയാണ് സംഭവം. ചേരാനല്ലൂർ നെറുവീട്ടിൽ അക്ഷയ് സന്തോഷിന്‍റെ പരാതിയിൽ കാർ യാത്രക്കാരായ കോട്ടയം കറുകച്ചാൽ സ്വദേശി ജോസഫ് ജോണിനും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേർക്കുമെതിരെ ചേരാനല്ലൂർ പൊലീസ് കേസെടുത്തു.

ആസ്റ്റര്‍ മെഡ്സിറ്റിക്ക് സമീപത്തുനിന്ന് അക്ഷയും സഹോദരിയും സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ജോസഫ് ജോണും മറ്റ് രണ്ടുപേരുമടങ്ങുന്ന കാർ യാത്രാസംഘം ഇവരുടെ ദേഹത്തേക്ക് ചളി തെറിപ്പിച്ചതായി പറയുന്നു. സ്കൂട്ടർ കാറിന് കുറുകെയിട്ട് അക്ഷയ് ഇതിനെ ചോദ്യം ചെയ്തു. നാട്ടുകാര്‍ ഇടപെട്ടാണ് തര്‍ക്കം പരിഹരിച്ചത്. അക്ഷയും സഹോദരിയും വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാര്‍ ഇവരെ പിന്തുടർന്ന് മുന്നോട്ടുപോയി. കുറച്ചുകഴിഞ്ഞ് കാര്‍ തിരികെ എത്തുകയും വീടിന് പുറത്തുനിന്ന അക്ഷയുമായി വീണ്ടും വാക്തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതുകേട്ട് പിതാവ് സന്തോഷ് പുറത്തേക്ക് വരുകയും കാറിലുണ്ടായിരുന്നവരുമായി വാക്കേറ്റം തുടരുകയും ചെയ്തു. തുടർന്നാണ് കാറിലുണ്ടായിരുന്നവര്‍ അക്ഷയിനെയും പിതാവിനെയും കാറിനൊപ്പം വലിച്ചിഴച്ചത്.

അക്ഷയും പിതാവും പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാത്തത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വലിച്ചിഴക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കേസെടുത്തത്. ജോസഫ് ജോണിന്‍റെ പരാതിയിൽ അക്ഷയിനെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ചേരാനല്ലൂർ പൊലീസ് അറിയിച്ചു.

Tags:    
News Summary - father and son were dragged along with the car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.