കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽനിന്ന് എറിഞ്ഞുകൊന്ന സംഭവത്തിലെ പ്രതിയായ മാതാവിന് ഹൈകോടതിയുടെ ജാമ്യം. 56 ദിവസത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതും പ്രതിയുടെ തടങ്കൽ തുടർന്നും ആവശ്യമില്ലെന്ന് വിലയിരുത്തിയുമാണ് ജസ്റ്റിസ് സി.എസ്. ഡയസ് 23കാരിക്ക്ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
എറണാകുളം അഡീ. ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും ജാമ്യ ഹരജി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. മേയ് മൂന്നിന് രാവിലെ പ്രസവിച്ചയുടൻ കുഞ്ഞിനെ ബാൽക്കണിയിൽനിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.
തന്നെ പീഡിപ്പിച്ചയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മാനസികമായും ശാരീരികമായും ചികിത്സ അനിവാര്യമായ ഘട്ടമാണിതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ പരിഗണിച്ചും നിയമത്തിന് മുന്നിൽനിന്ന് ഒളിച്ചോടാനോ തെളിവുകൾ നശിപ്പിക്കാനോ സാധ്യതയില്ലെന്ന് വിലയിരുത്തിയും കോടതി ഒരു ലക്ഷം രൂപയുടെ സ്വന്തവും മറ്റ് രണ്ട് പേരുടെയും ജാമ്യ ബോണ്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.