മക്ക: ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ തീർഥാടകരിൽ വിവിധ രോഗബാധയാൽ ആശുപത്രികളിൽ കഴിയുന്നവർ ഒഴിച്ചുള്ള അവസാന സംഘം മദീനയിൽനിന്ന് നാട്ടിലേക്ക് തിരിച്ചു. മലയാളി ഹാജിമാരുടെ അവസാന സംഘം തിങ്കളാഴ്ച പുലർച്ചെ 2.40ഓടെയാണ് മദീന വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലേക്ക് പുറപ്പെട്ടത്. 140 തീർഥാടകരാണ് അവസാന സംഘത്തിലുണ്ടായിരുന്നത്.
നാട്ടിൽ നിന്നെത്തിയ വളൻറിയർ അസീസിെൻറ നേതൃത്വത്തിലാണ് ഇവർ മടങ്ങിയത്. നാട്ടിലെത്തിയ സംഘത്തെ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ, ഹജ്ജ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചു.
ആശുപത്രികളിൽ ചികിത്സയിലുള്ള 21 ഇന്ത്യൻ തീർഥാടകരാണ് ഇനി ബാക്കിയുള്ളത്. മക്കയിലെ ആശുപത്രികളിൽ 15 ഉം മദീനയിലെ ആശുപത്രികളിൽ ആറും പേരാണുള്ളത്. അഞ്ച് പേരാണ് മലയാളികൾ. അതിൽ മൂന്ന് പേർ മദീനയിലും രണ്ട് പേർ മക്കയിലുമാണ്. ചികിത്സ പൂർത്തിയായതിന് ശേഷം ഇവരെയെല്ലാം നാട്ടിലയക്കും. എന്നാൽ, ഒരു മലയാളി തീർഥാടകനെ മക്കയിൽ കാണാതായിട്ടുണ്ട്. മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദിനെ (72) ആണ് ജൂൺ 22ന് മിനയിൽ വെച്ച് കാണാതായത്. ഭാര്യ മറിയം ബീവിയുടെ കൂടെ കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മെയ് 22നാണ് ഹജ്ജിനെത്തിയത്. കാണാതായ ശേഷം വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു വിവരവും കിട്ടിയിട്ടുമില്ല.
165 രാജ്യങ്ങളിൽ നിന്നായി 17 ലക്ഷത്തിലേറെ വിദേശ തീർത്ഥാടകരാണ് ഇത്തവണ ഹജ്ജിൽ പങ്കെടുത്തത്. ഇവരുടെ യാത്ര സുഗമമാക്കാൻ മടക്കയാത്ര ആറ് വിമാനത്താവളങ്ങളിലും വ്യത്യസ്ത തീയതികളിലും സമയങ്ങളിലുമായി ക്രമീകരിച്ചിരുന്നു. ഹജ്ജ് അവസാനിച്ച ഉടൻ തന്നെ നാടുകളിലേക്ക് മടങ്ങി തുടങ്ങിയിരുന്നു. ജൂൺ 22 മുതലാണ് ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര ജിദ്ദ വിമാനത്താവളം വഴി തുടങ്ങിയത്. ഹജ്ജിന് മുന്നേ മദീന സന്ദർശനം പൂർത്തിയാക്കിയ ഹാജിമാരാണ് ജിദ്ദ വഴി നാട്ടിലേക്ക് മടങ്ങിയത്. ഹജ്ജിനുശേഷം മദീന സന്ദർശനത്തിന് പുറപ്പെട്ട ഹാജിമാരിലെ അവസാന സംഘമാണ് തിങ്കളാഴ്ച മടങ്ങിയതും. ഇതോടെ 430 വിമാനങ്ങളിലായി മുഴുവൻ ഇന്ത്യൻ ഹാജിമാരും നാട്ടിൽ തിരിച്ചെത്തി.
1,39,964 തീർഥാടകരാണ് ഇത്തവണ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് എത്തിയത്. 35,005 പേർ സ്വകാര്യ ഗ്രൂപ്പുകളിലും എത്തി. ഹജ്ജിനിടെ വിവിധ കാരണങ്ങളാൽ 200 ഇന്ത്യൻ തീർഥാടകർ മക്കയിലും മദീനയിലും വെച്ച് മരിച്ചിരുന്നു. ഇതിൽ 42 ഹാജിമാർ സ്വകാര്യ ഗ്രൂപ്പുകൾക്ക് കീഴിൽ എത്തിയവരാണ്. കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ 25 മലയാളി ഹാജിമാരും ഇത്തവണ മരിച്ചവരുടെ കൂട്ടത്തിലുണ്ട്.
കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയത് 18,200ലധികം മലയാളി തീർഥാടകരായിരുന്നു. മക്കയിലും മദീനയിലുമായി 88 കെട്ടിടങ്ങളിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. രണ്ട് ഹജ്ജ് സർവിസ് കമ്പനികൾക്ക് കീഴിൽ 28 ഏജൻസികളാണ് (മക്തബുകൾ) മലയാളി തീർഥാടകരുടെ മക്കയിലെയും മദീനയിലെയും പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.