കുഞ്ഞിനെ കൈമാറാന്‍ ശ്രമം: മാതാവ് അറസ്റ്റില്‍; കേസെടുത്തു

കോഴിക്കോട്: നവജാത ശിശുവിനെ കൈമാറാന്‍ ശ്രമിച്ചതിന് മാതാപിതാക്കള്‍ക്കെതിരെയും വാങ്ങാന്‍ തീരുമാനിച്ച ദമ്പതികള്‍ക്കെതിരെയും പൊലീസ് കേസെടുത്തു. മാറാട് സ്വദേശിയായ രേശ്മയാണ് 11 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വള്ളിക്കുന്ന് സ്വദേശികളായ ദമ്പതികള്‍ക്ക് കൈമാറാന്‍ ശ്രമിച്ചതിന് അറസ്റ്റിലായത്. സാമ്പത്തിക പരാധീനത കാരണമാണ് കുഞ്ഞിനെ കൈമാറാന്‍ തീരുമാനിച്ചതെന്നാണ് ഇവര്‍ പറയുന്നത്. കുഞ്ഞിന്‍െറ മാതാപിതാക്കളായ മിഥുന്‍ (31), രേശ്മ (24) എന്നിവര്‍ക്കെതിരെയും വാങ്ങാന്‍ തീരുമാനിച്ച ദമ്പതികള്‍ക്കെതിരെയും പന്നിയങ്കര പൊലീസ് കേസെടുത്തു.

മാതാവിനെയും കുഞ്ഞിനെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി. കുഞ്ഞിനെ ശിശു സംരക്ഷണകേന്ദ്രത്തിലാക്കാന്‍ ഉത്തരവിട്ടു. കുഞ്ഞിനെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ രക്ഷിതാക്കള്‍ മറ്റൊരു കൂട്ടര്‍ക്ക് കൈമാറിയത് നിയമവിരുദ്ധമാണെന്നും അതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75ാം വകുപ്പ് പ്രകാരമാണ് നിയമനടപടി സ്വീകരിച്ചതെന്നും പൊലീസ് അറിയിച്ചു. കുഞ്ഞിനെ വിറ്റതാണെന്നതിന് തെളിവൊന്നുമില്ളെന്നും പണം വാങ്ങിയിട്ടില്ളെന്നും കൂടുതല്‍ അന്വേഷിക്കുമെന്നും എസ്.ഐ വി. ഖമറുദ്ദീന്‍ പറഞ്ഞു.

അതേസമയം, സംരക്ഷിക്കാന്‍ കഴിയാത്തതിനാലാണ് കുഞ്ഞിനെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കൈമാറിയതെന്നും വിറ്റതല്ളെന്നുമാണ് മാതാവ് പൊലീസിന് നല്‍കിയ മൊഴി. ഭര്‍ത്താവ് സംരക്ഷിക്കുന്നില്ളെന്നും അതിനാലാണ് താന്‍ കുട്ടിയെ കൈമാറിയതെന്നും അവര്‍ പൊലീസിനോട് പറഞ്ഞു. ദമ്പതികള്‍ക്ക് മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണുള്ളത്. ഒരു വയസ്സ് പ്രായമായ ആണ്‍കുഞ്ഞാണ് ഇളയത്. യുവതിയുടെ വീട്ടിലാണ് പ്രസവിച്ചത്. ദമ്പതികളുടെ വീടിന് ജപ്തി നോട്ടീസ് നിലവിലുണ്ട്. മെഡിക്കല്‍ പരിശോധനക്കുശേഷമാണ് പൊലീസ് നിയമനടപടി സ്വീകരിച്ചത്.

സംഭവം പുറത്തറിഞ്ഞതോടെ പന്നിയങ്കര പൊലീസ് മിഥുനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍, ഒരു വര്‍ഷത്തോളമായി കുടുംബത്തില്‍നിന്ന് താന്‍ അകന്നുകഴിയുകയാണെന്നും തനിക്ക് സംഭവത്തില്‍ പങ്കില്ളെന്നും മിഥുന്‍ പൊലീസിനോട് പറഞ്ഞു. മിഥുനാണ് കുഞ്ഞിനെ കൈമാറിയതെന്ന വിവരമാണ് ആദ്യം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് രേശ്മയെ ചോദ്യം ചെയ്തതിന്‍െറ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ മാതാവ് തന്നെയാണ് കൈമാറിയതെന്ന് വ്യക്തമായത്. അറസ്റ്റിലായ രേശ്മയെ ജാമ്യത്തില്‍ വിട്ടയച്ചു.

Tags:    
News Summary - father sold newborn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.