കാളികാവ്: ഉദരംപൊയിലിൽ രണ്ടര വയസ്സുകാരി ഫാത്തിമ നസ്റിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസിനെ സംഭവം നടന്ന സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച ഉച്ചക്ക് മൂന്നോടെയാണ് കോഴിക്കോട് സബ് ജയിലിൽ കഴിയുന്ന ഫായിസിനെ വൻ പൊലീസ് സന്നാഹത്തോടെ ഉദരംപൊയിലിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ചോദ്യംചെയ്യലിൽ കുട്ടിയെ ശക്തമായി ചവിട്ടിയതായി ഫായിസ് സമ്മതിച്ചതായി കാളികാവ് സി.ഐ എം. ശശിധരൻ പിള്ള പറഞ്ഞു.
ഭാര്യ ഷഹബാനത്തിനോടുള്ള വൈരാഗ്യമാണ് കുട്ടിയെ മർദിക്കാൻ കാരണമായി പറയപ്പെടുന്നത്. ഫായിസും ഷഹബാനത്തും തമ്മിൽ സ്ത്രീ പീഡനക്കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസിന്റെ വിധി അടുത്ത ദിവസം വരാനിരിക്കുകയായിരുന്നു. ഷഹബാനത്തും ഫായിസും തമ്മിൽ പ്രണയ വിവാഹമായിരുന്നു. ഇടക്കിടെ ഇവർ വഴക്കടിക്കാറുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. കരുളായിയിലെ വീട്ടിലാണ് ഷഹബാനത്ത് കൂടുതലും താമസിക്കാറ്. കരുളായിയിൽനിന്ന് അടുത്തിടെയാണ് ഷഹബാനത്തും മകളും ഉദരംപൊയിലിൽ വന്നത്. തുടർന്നുണ്ടായ വഴക്കുകളാണ് കുട്ടിയെ മർദിക്കുന്നതിൽ കലാശിച്ചതെന്ന് ഫായിസിന്റെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മാർച്ച് 24നാണ് ഫാത്തിമ നസ്റിൻ മർദനമേറ്റ് മരിക്കുന്നത്. ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമായി പറഞ്ഞത്.
എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുട്ടിക്ക് മർദനമേറ്റതായും വാരിയെല്ല് ഒടിഞ്ഞതടക്കം മാരകമായി പരിക്കേറ്റതായും തെളിഞ്ഞത്. തുടർന്നാണ് പിതാവ് ഫായിസിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഷഹബാനത്തിന്റെ സഹോദരൻ അൻസാറിന്റെ ഫോൺ സംഭാഷണത്തിൽ ഫായിസ് കുഞ്ഞിനെ ക്രൂരമായി മർദിച്ചതായി വെളിപ്പെടുത്തുന്നുണ്ട്. കുഞ്ഞിനെ ഫായിസ് ശക്തമായി ചവിട്ടുകയായിരുന്നുവെന്നാണ് അൻസാർ പറയുന്നത്. തുടർന്ന് തല ചുമരിലിടിച്ചതായും പറയുന്നു. കാളികാവ് സി.ഐക്ക് പുറമെ എസ്.ഐമാരായ വി.ഐ. ശശിധരൻ, സുബ്രഹ്മണ്യൻ, പൂക്കോട്ടുംപാടം സ്റ്റേഷനിലെ പൊലീസുകാർ എന്നിവരാണ് ഫായിസിനെ തെളിവെടുപ്പിന് കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.