‘അപകടം പടിവാതിക്കൽ, കുട്ടിയെ മടിയിലിരുത്തി വാഹനമോടിക്കരുത്’; മുന്നറിയിപ്പുമായി ഡോക്ടർ

വാഹനത്തിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയിൽ ആശങ്ക ഉണ്ടാക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വാഹനം ഓടിക്കുന്ന ഒരു പിതാവിന്‍റെ മടിയിലിരുന്ന് നെഞ്ചിൽ തല വച്ച് കുട്ടി ഉറങ്ങുന്നതാണ് വിഡിയോ.

ബോളിവുഡ് ഗാനത്തിനെ പശ്ചാത്തലത്തിലാണ് പിതാവ് തന്‍റെ മകളെ മടിയിലിരുത്തി റോഡിലൂടെ വാഹനം ഓടിക്കുന്നത്. ഡ്രൈവിങ്ങിനിടെ കുട്ടിയെ മടിയിൽ വച്ചുള്ള ഇത്തരം പ്രവൃത്തിയിലെ അപകട സാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് മലയാളിയായ ഡോ. അശ്വിൻ രജനീഷ്.

''മനോഹരമായ കാഴ്ച' എന്നാണ് വിഡിയോയിലെ ദൃശ്യങ്ങളെ ഡോക്ടർ വിശേഷിപ്പിക്കുന്നത്. വാഹനത്തിന്‍റെ മുൻവശം ഇടിക്കുന്ന സാഹചര്യമുണ്ടായാൽ കുട്ടിയുടെ തലയോട്ടി മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ പിതാവിന്‍റെ നെഞ്ചിൻകൂടിലേക്ക് ആറ് മുതൽ എട്ട് ഇഞ്ച് വരെ ഇടിച്ചു കയറുകയും ഇരുവരും തൽക്ഷണം മരിക്കാൻ ഇടയാകുകയും ചെയ്യും.

ഇത്തരം പ്രവൃത്തികളിലെ അപകടസാധ്യതകൾ തിരിച്ചറിയാനും ജാഗ്രതയോടെ പ്രവർത്തിക്കാനും രക്ഷിതാക്കൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.' -ഡോ. അശ്വിൻ രജനീഷ് എക്സിൽ കുറിച്ചു.

ഡോക്ടറുടെ നിഗമനങ്ങൾ ശരിവെക്കുന്നതാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ. ഇതോടൊപ്പം, കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ച പിതാവിന്‍റെ പ്രവൃത്തിയെ ഒരു വിഭാഗം വിമർശിക്കുകയും ചെയ്യുന്നുണ്ട്.

എക്സിൽ ഡോക്ടർ പങ്കുവെച്ച വിഡിയോ എവിടെ, എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. നാല് ലക്ഷത്തിലധികം പേരാണ് ഇതിനോടകം വിഡിയോ കണ്ടത്.

Tags:    
News Summary - Doctor warns after video shows child lying on father while driving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.