മാനന്തവാടി: രക്തബന്ധുക്കളുടെ സാമീപ്യമില്ലാതെ മൺമറഞ്ഞുപോവുമായിരുന്ന വയോധികന് അവസാന നിമിഷങ്ങളിൽ മകനടക്കമുള്ളവരുടെ സാമീപ്യം ഉറപ്പാക്കി മാനന്തവാടി പൊലീസ്. മാനന്തവാടിയിൽ താമസിക്കുകയായിരുന്ന കണ്ണൂർ സ്വദേശിയായ മരണാസന്നനായ വയോധികന്റെ ബന്ധുക്കളെയാണ് ശ്രമകരമായ അന്വേഷണങ്ങൾക്കൊടുവിൽ കണ്ടെത്തിയത്. ഏറെക്കാലമായി കൂടെത്താമസിക്കുന്നയാൾ അത്യാസന്നനിലയിലാണെന്നും കണ്ണൂരിൽ അവർക്ക് ബന്ധുക്കളുണ്ടെന്നും കണിയാരത്ത് താമസിക്കുന്ന സ്ത്രീ മാനന്തവാടി പൊലീസ് സ്റ്റേഷനിൽ വന്നറിയിച്ചതാണ് സമാഗമത്തിന് കാരണമായത്.
നിലവിൽ 48 വയസ്സുള്ള കണ്ണൂർ കേളകം മഞ്ഞളാപുരത്തെ വി.വി. സജീവിന് ഒന്നാംക്ലാസിൽ പഠിക്കുമ്പോൾ അച്ഛനെ നഷ്ടപ്പെട്ടതാണ്. പഴയ ഫോട്ടോ മാത്രമായിരുന്നു അച്ഛനെന്ന ഓർമ. മരണാസന്നനായിരുന്നെങ്കിലും അച്ഛനെ കാണാനും രണ്ടുതുള്ളി വെള്ളം നൽകാനുമായതിന്റെ ആശ്വാസത്തിലാണ് സജീവ്.
സ്റ്റേഷനിൽ പരാതി എത്തിയപ്പോൾ ഡിവൈ.എസ്.പി എ.പി. ചന്ദ്രനും ഇൻസ്പെക്ടർ എം.എം. അബ്ദുൽകരീമും അന്വേഷണത്തിന് പൊലീസിന് നിർദേശം നൽകുകയായിരുന്നു. കണ്ണൂർ ചാവശ്ശേരി സ്വദേശിയും ഇപ്പോൾ മാനന്തവാടി സ്റ്റേഷനിലെ അഡീഷനൽ എസ്.ഐ.യുമായ കെ. മുസ്തഫക്കായിരുന്നു അന്വേഷണച്ചുമതല. കണ്ണൂർ ഇരിക്കൂർ സ്വദേശി വെള്ളാരംകുന്നിൽ വാസു എന്ന വിലാസം മാത്രമായിരുന്നു പൊലീസിന് ലഭിച്ചത്. മുസ്തഫ ഏറെക്കാലം ജോലിചെയ്ത കണ്ണൂരിലെ സ്റ്റേഷനുകളിലെല്ലാം അന്വേഷിച്ചു. ഒടുക്കം ഇരിക്കൂർ സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ചിൽ ജോലിചെയ്യുന്ന എ.എസ്.ഐ പ്രസാദിൽനിന്ന് വാസുവിന്റെ സ്വദേശം പയ്യാവൂർ മുത്താറിക്കുളമാണെന്നും യഥാർഥ പേര് വാസുദേവൻ എന്നാണെന്നും വിവരം ലഭിച്ചു.
പ്രസാദ് സംഘടിപ്പിച്ചു നൽകിയ, വാസുദേവന്റെ അനുജൻ ശശിയുടെ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ വാസുദേവന്റെ ഭാര്യ ആനന്ദവല്ലിയും മകൻ സജീവും കേളകം മഞ്ഞളാംപുറത്തുണ്ടെന്ന വിവരം ലഭിച്ചു.18 വർഷമായി അമ്മയ്ക്കൊപ്പം വിദേശത്തായിരുന്ന സജീവ് കോവിഡ്‌കാലത്താണ് നാട്ടിൽ തിരിച്ചെത്തിയത്. ഇപ്പോൾ എറണാകുളത്ത് ബിസിനസ് നടത്തുന്ന ഇദ്ദേഹം ജീവിതത്തിൽ അച്ഛനെ കാണാനാകുമെന്നും അന്ത്യകർമം ചെയ്യാൻ സാധിക്കുമെന്നും കരുതിയിരുന്നില്ല. 29ന് വൈകിട്ടോടെ മാനന്തവാടി പൊലീസിന്റെ വിളിയെത്തിയപ്പോൾ സജീവ് അച്ഛൻ കണിയാരത്ത് താമസിക്കുന്ന വീട്ടിലെത്തി. 75 പിന്നിട്ട വാസുദേവൻ ശ്വാസതടസ്സം തുടങ്ങിയ പ്രായാധിക്യരോഗങ്ങളാൽ പ്രയാസപ്പെടുകയായിരുന്നു.
വീട്ടിലെത്തിയ സജീവ് മടിയിൽക്കിടത്തി അച്ഛന് വെള്ളം നൽകി. പിറ്റേദിവസം ബന്ധുക്കളുമായി വരാമെന്നു പറഞ്ഞ് വീട്ടിലേക്കുപോയ സജീവിന് രാത്രി 11ഓടെ മാനന്തവാടി പൊലീസിന്റെ വാസുദേവൻ മരിച്ചെന്ന വിളിയെത്തി.30ന് പുലർച്ച മൂന്നിന് കണിയാരത്തെത്തി വാസുദേവന്റെ മൃതദേഹം മഞ്ഞളാപുറത്തെ വീട്ടിലെത്തിച്ചു. രാവിലെ അന്ത്യകർമങ്ങൾക്കുശേഷം സംസ്കരിച്ചു. അച്ഛന്റെ അന്ത്യകർമങ്ങൾ ചെയ്യാൻ സാധിച്ചത് നിലയിൽ വലിയ സന്തോഷമുണ്ടെന്നും അതിന് മാനന്തവാടി പൊലീസിന് എത്ര നന്ദിപറഞ്ഞാലും മതിയാവില്ലെന്നും സജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.