പന്തളം: ആർ.എസ്.എസ്-ബി.ജെ.പി വിഭാഗീയതയെ തുടർന്ന് ആർ.എസ്.എസ് പ്രവർത്തകെൻറ വീട്ടിൽ പട്ടടതീർത്ത് കൊടിനാട്ടി. പന്തളം മുളമ്പുഴ ശിവ ഭവനിൽ എം.സി സദാശിവെൻറ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി സംഭവം നടന്നത്. ചാണകം മെഴുകിയതിന് സമീപത്തായി ഉരുളി കമഴ്ത്തി ഉരുളിക്ക് മുകളിലായി ആറ് ഉരുളയും ഉരുട്ടിവെച്ചിരുന്നു.
സമീപത്തായി പച്ചക്കായും ഉണ്ടായിരുന്നു. ഇതിനോട് ചേർന്ന് ആർ.എസ്.എസിെൻറ കൊടിമരവും വെച്ചിരുന്നു. പുലർച്ച നാലിന് പുറത്തിറങ്ങിയ വീട്ടുകാരാണ് ഇത് കണ്ടത്. സമീപത്തെ വീട്ടിൽനിന്നാണ് ഉരുളി മോഷ്ടിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. കഴിഞ്ഞ ഒരുവർഷമായി പന്തളത്ത് ആർ.എസ് എസ്-ബി.ജെ.പി പ്രവർത്തകരിൽ വിഭാഗീയത രൂക്ഷമാണ്. ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഭാഗീയതാണ് ഇപ്പോൾ മറനീക്കി പുറത്തവന്നത്.
ബി.ജെ.പി മുൻ ജില്ല കമ്മിറ്റി അംഗവും നിലവിൽ മഹാദേവ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡൻറുമായ എസ്. കൃഷ്ണകുമാർ അയ്യപ്പധർമ സംരക്ഷണ സമിതി എന്ന സംഘടന രൂപവത്കരിച്ച് സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു. സംഘടനയുടെ ചെയർമാൻ കൂടിയായ എസ്. കൃഷ്കുമാർ പന്തളത്ത് വനിതകളെ സംഘടിപ്പിച്ച് പ്രക്ഷോഭവും ആരംഭിച്ചു.
തുടർന്ന് ആർ.എസ്.എസ് ഇതിനെതിരെ പന്തളം കൊട്ടാര ഭാരവാഹികളെ ഉൾപ്പെടെത്തി ശബരിമല കർമസമിതിക്ക് രൂപം നൽകി സമരങ്ങൾ സംഘടിപ്പിച്ചു. ഇതോടെയാണ് സംഘ്പരിവാറിൽ വിഭാഗീയത ഉടലെടുത്തത്. തുടർന്ന് കൃഷ്ണകുമാറിെൻറ നേതൃത്വത്തിൽ 30 ഓളം പ്രവർത്തകർ ആർ.എസ്.എസിനും ബി.ജെ.പിക്കും എതിരായി മാറി. സമരത്തിൽ പങ്കെടുത്തുവെന്ന പേരിൽ കൃഷ്ണകുമാർ അടക്കം ചില പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് 23 ദിവസം ജയിലിൽ അടച്ചു.
പുറത്തിറങ്ങിയ പ്രവർത്തകർ പിന്നിട് നമ്മുടെ നാട് എന്ന ചാരിറ്റബിൾ സൊസൈറ്റി രൂപവത്കരിച്ചു. ഇതിെൻറ വൈസ് പ്രസിഡൻറിെൻറ വീട്ടിലാണ് കഴിഞ്ഞ രാത്രി അതിക്രമം നടന്നത്. ആർ.എസ്.എസിെൻറ സജീവ പ്രവർത്തകനും ബി.എം.എസ് മുൻ പന്തളം മേഖല പ്രസിഡൻറുമാണ് സദാശിവൻ.
കൃഷ്ണകുമാറിെൻറ നേതൃത്വത്തിൽ ഒരുവിഭാഗം സി.പി.എമ്മിലേക്ക് പോകുന്നുവെന്ന് സൂചനയുണ്ട്. എന്നാൽ, സംഭവത്തിൽ ആർ.എസ്.എസിന് പങ്കില്ലെന്നും സാമൂഹികവിരുദ്ധരാണ് പിന്നിലെന്നും ബി.ജെ.പി മുനിസിപ്പൽ സെക്രട്ടറി ടി. രൂപേഷ് 'മാധ്യമ'ത്തോടെ പറഞ്ഞു. പന്തളം പൊലീസ് എത്തി നടപടി സ്വീകരിച്ചു. ആർ.എസ്.എസ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.